തിരുവനന്തപുരം: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. ഇവിടെ വീടുകള്‍ക്ക് പുറമേ മാര്‍ക്കറ്റ്, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ദുരന്ത ബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ടൗണ്‍ഷിപ്പിന് പുറത്തു താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ടെന്നും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്റ് സെക്രട്ടറി കത്തില്‍ പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.