സചിന്‍ വീഡിയോ പങ്കുവെച്ചു; വൈറലായി സുശീല മീണ

സചിന്‍ വീഡിയോ പങ്കുവെച്ചു; വൈറലായി സുശീല മീണ


രാജസ്ഥാനിലെ ഗ്രാമത്തില്‍ നിന്നുള്ള പത്തു വയസ്സുകാരി സുശീല മീണയുടെ ജീവിതം വളരെ സാധാരണമായിരുന്നു; സചിന്‍ ടെണ്ടുല്‍ക്കര്‍ അവളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതുവരെ. അതോടെ സുശീലയുടെ ജീവിതം മാറി, അവള്‍ മാധ്യമ ശ്രദ്ധയിലേക്കെത്തി. 

സുശീല മീണയുടെ ബൗളിംഗ് ആക്ഷനെ സചിന്‍ ടെണ്ടുല്‍ക്കര്‍ പ്രശംസിക്കുകയും മുന്‍ ഇന്ത്യന്‍ ബൗളര്‍ സഹീര്‍ ഖാന്റെ 'ഛായ' ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹീര്‍ഖാന്റെ കൃത്യതയും സ്വിംഗും വ്യതിരിക്തമായ ബൗളിംഗ് ആക്ഷനുമാണ് സുശീല മീണയ്ക്കുമുള്ളത്. 

സചിന്‍ പങ്കുവെച്ചതോടെ വീഡിയോ തല്‍ക്ഷണം ഹിറ്റായിരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും പതിനായിരക്കണക്കിന് ആളുകള്‍ പങ്കിടുകയും ചെയ്തപ്പോഴും തന്നെ പ്രശസ്തയാക്കിയ ക്രിക്കറ്റ് ഐക്കണിനെ പെണ്‍കുട്ടിക്ക് അറിയുമായിരുന്നില്ല.  

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാണെന്ന് എനിക്കറിയില്ല,' തന്റെ വീട്ടില്‍ ടി വി ഇല്ലെന്നും താന്‍ ക്രിക്കറ്റ് കണ്ടിട്ടില്ലെന്നും സുശീല പറയുന്നു. എങ്കിലും സചിനോട് നന്ദി പ്രകടിപ്പിക്കാന്‍ അവള്‍ മറന്നില്ല. 

ദരിദ്ര ആദിവാസി കുടുംബത്തില്‍ നിന്നുള്ള സുശീലയെ ഇപ്പോള്‍ കണ്ടുമുട്ടുന്നവരെല്ലാം അഭിനന്ദിക്കുകയാണ്. രാഷ്ട്രീയക്കാര്‍ മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ വരെ അതിലുണ്ട്. സുശീലയുടെ അകന്ന ബന്ധുക്കള്‍ പോലും ഇപ്പോള്‍ അവളുടെ കൂടെ ഒരു ഫോട്ടോ ആഗ്രഹിക്കുന്നുണ്ട്. 

തന്റെ പുതിയ അവസ്ഥയെ കുറിച്ച് കൂടുതല്‍ പറയാന്‍ സുശീലയ്ക്ക് സാധിക്കുന്നില്ല. പുഞ്ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും തന്റെ പ്രശസ്തിയില്‍ അവള്‍ക്ക് അമ്പരപ്പുണ്ട്. എന്നാല്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച് കയ്യില്‍ ഒരു റബ്ബര്‍ പന്തുമായി മൈതാനത്തേക്ക് ചുവടുവെക്കുമ്പോള്‍ അവള്‍ ലജ്ജാശീലയല്ല, നിര്‍ഭയയും ശക്തയും ശ്രദ്ധയുമുള്ള ഒരാളായി മാറുകയാണ്.

'പന്ത് എന്റെ കൈയില്‍ കിട്ടിയാല്‍ താന്‍ ആലോചിക്കുന്നത് ബാറ്ററെ പുറത്താക്കുന്നതിനെ കുറിച്ചാണ്' അവള്‍ പറയുന്നു.

സുശീലയുടെ പന്തിന് എതിര്‍വശത്ത് കൈയില്‍ ബാറ്റുമായി നില്‍ക്കുന്ന അവളുടെ സഹപാഠി ആശ സുശീലയുടെ ബൗളിംഗിനെ 'ബുദ്ധിമുട്ടാണ്' എന്നാണ് വിശേഷിപ്പിക്കുന്നത്. അപ്രതീക്ഷിത സമയത്ത് സ്വിംഗ് ചെയ്യുന്ന പന്ത് വിക്കറ്റിലേക്ക് പതിക്കുമെന്നാണ് ആശ സാക്ഷ്യപ്പെടുത്തുന്നത്. 

മകളുടെ നേട്ടത്തില്‍ സുശീലയുടെ അമ്മ ശാന്തിഭായിക്ക് അഭിമാനമുണ്ട്. പലരും തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അവരില്‍ പലരും നേരത്തെ പിന്തുണച്ചിരുന്നവരല്ലെന്നും അമ്മ സാക്ഷ്യപ്പെടുത്തുന്നു. വീട്ടുജോലികള്‍ ചെയ്യാതെ മകളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ചതിനെ ചിലര്‍ മാതാപിതാക്കളെ ചോദ്യം ചെയ്തിട്ടുമുണ്ട്.

തനിക്ക് അവരോട് മറുപടിയൊന്നുമില്ലെന്നും അക്കാര്യം ശ്രദ്ധിക്കുന്നുപോലുമില്ലെന്നും ശാന്തിബായി പറയുന്നു. 

മകള്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും താനൊരിക്കലും തടയില്ലെന്നും സുശീലയുടെ സ്‌കൂളിലെ എല്ലാവരും ക്രിക്കറ്റ് കളിക്കുന്നവരാണെന്നും  അതിന്റെ ക്രെഡിറ്റ് അവരുടെ അധ്യാപകനായ ഈശ്വര്‍ലാല്‍ മീണയ്ക്കാണെന്നും അമ്മ വിശദമാക്കുന്നു.

2017ലാണ് താന്‍ വിദ്യാര്‍ഥികളെ ക്രിക്കറ്റ് കളിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതെന്നും വിദ്യാര്‍ഥികളെ സ്‌കൂളില്‍ തന്നെ നിലനിര്‍ത്താന്‍ രസകരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. അല്ലെങ്കില്‍ അവര്‍ വീട്ടില്‍ തന്നെ ഇരിക്കുമെന്നും സ്‌കൂളിലേക്ക് വരില്ലെന്നും അധ്യാപകന്‍ വിശദമാക്കി. 

തുടക്കത്തില്‍, താനും മറ്റ് അധ്യാപകരും ടീമുകളുണ്ടാക്കി വിദ്യാര്‍ഥികളെ അവരോടൊപ്പം കളിക്കാന്‍ പ്രേരിപ്പിക്കുമെന്ന് മീണ പറഞ്ഞു. താമസിയാതെ എല്ലാവരും അതിലേക്ക് ചേരുകയായിരുന്നു.

വിദ്യാര്‍ഥികളുടെ പരിശീലകന്റെ റോള്‍ അദ്ദേഹം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മീണയ്ക്ക് ഔപചാരിക ക്രിക്കറ്റ് പരിശീലനമൊന്നും ലഭിച്ചിട്ടില്ല. വിദ്യാര്‍ഥികളെ പുതിയ സാങ്കേതിക വിദ്യകള്‍ പഠിക്കാനും പഠിപ്പിക്കാനും അദ്ദേഹം യൂട്യൂബ് വീഡിയോകളാണ് കാണുന്നത്.

ആവശ്യത്തിന് വിദ്യാര്‍ഥികളുണ്ടായപ്പോള്‍ അവരുടെ ക്രിക്കറ്റ് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനായി മീണ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കുകയും പതുക്കെ ആളുകള്‍ അദ്ദേഹത്തിന്റെ വീഡിയോകള്‍ കാണാനും പ്രതികരിക്കാനും ആരംഭിക്കുകയും ചെയ്തു. ചിലര്‍ സാങ്കേതികതയെ കുറിച്ചുള്ള നുറുങ്ങുകള്‍ പോലും നല്‍കി. 

അവരുടെ സ്‌കൂളില്‍ നിന്ന് ഇന്റര്‍നെറ്റ് സെന്‍സേഷനാകുന്ന ആദ്യത്തെ വിദ്യാര്‍ഥിയല്ല സുശീല. കഴിഞ്ഞ വര്‍ഷം മറ്റൊരു വിദ്യാര്‍ഥിനി രേണുക പര്‍ഗിയുടെ ബാറ്റിംഗ് കഴിവുകള്‍ വൈറലായിരുന്നു. രേണുക ഇപ്പോള്‍ തലസ്ഥാനമായ ജയ്പൂരിലെ സ്വകാര്യ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്നു പഠിക്കുകയാണ്. എന്നാല്‍ ഈ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിനും  സോഷ്യല്‍ മീഡിയ ശ്രദ്ധ മാത്രം പോര. സുശീലയുടെ ഗ്രാമത്തിന്റേയും സ്‌കൂളിന്റേയും അവസ്ഥ ശോചനീയാവസ്ഥയിലാണ്.

ആളുകള്‍ വരികയും വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഒന്നും മാറുന്നില്ലെന്ന് മീണ പറയുന്നു. പ്രൈമറി തലം വരെ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ േ്രഗഡ് അഞ്ച് കടന്നാല്‍ ക്രിക്കറ്റ് നിര്‍ത്തും. അവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകില്ല- അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഗ്രാമത്തിനും അതിലെ വിദ്യാര്‍ഥികള്‍ക്കും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എന്തുചെയ്യാനാകുമെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌കൂളിന്റെ ക്രിക്കറ്റ് മൈതാനം വിപുലീകരിക്കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. 

എന്നാല്‍ രസകരമായ കാര്യം ശരിയായ ക്രിക്കറ്റ് ബോള്‍ ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ല. അവര്‍ ഇപ്പോള്‍ പരിശീലിക്കുന്നത് റബ്ബര്‍ ബോളിലാണ്. 

സുശീലയ്ക്കുണ്ടായ വൈറല്‍ പ്രശസ്തിയും സമ്മാനങ്ങളും അവസാനിച്ചു പോകുമോ എന്ന ചോദ്യം ഗ്രാമീണര്‍ ചോദിക്കുന്നുണ്ട്.