ബിഹാറിലേക്ക് പോയാലും കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ബിഹാറിലേക്ക് പോയാലും കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍


തിരുവനന്തപുരം: കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ബിഹാര്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറഞ്ഞ് ബിഹാറിലേയ്ക്ക് പോയി. മറ്റെവിടേയ്ക്കുപോയാലും കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായി സര്‍വകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, സര്‍ക്കാരിന് ആശംസകള്‍ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം.

മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ യാത്ര പറച്ചില്‍. ഞായറാഴ്ച യാത്ര തിരിച്ച ആരിഫ്മുഹമ്മദ് ഖാന്‍ ജനുവരി രണ്ടാം തീയതി ബിഹാര്‍ ഗവര്‍ണറായി ചുമതല ഏല്‍ക്കും. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ പദവിയില്‍ 5 കൊല്ലം പൂര്‍ത്തിയാക്കുന്നത്. വിവാദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ അഞ്ചു വര്‍ഷക്കാലമായിരുന്നു കഴിഞ്ഞുപോയത്. പോകുമ്പോള്‍ നല്ല വാക്കുകള്‍ മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്ലാതെയാണ് ഗവര്‍ണറുടെ പടിയിറക്കം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മരണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു. പുതിയ കേരള ഗവര്‍ണറായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.