വാഷിംഗ്ടണ്‍: മനുഷ്യരാശിയെ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എ ഐ തുടച്ച് നീക്കിയേക്കാമെന്ന മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ്ഫാദറും ഭൗതികശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെഫ്രി ഹിന്റണ്‍. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ എ ഐ 10% മുതല്‍ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടീഷ്-കനേഡിയന്‍ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജെഫ്രിയുടെ മുന്നറിയിപ്പ്.
എ ഐയുടെ അപകട സാധ്യതകള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നും 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെക്കാളും ബുദ്ധിയുള്ള എ ഐ ഉണ്ടാകാമെന്നും ഹിന്റണ്‍ പറഞ്ഞു. കൂടുതല്‍ ബുദ്ധിയുള്ള ഒന്നിനെ കുറവ് ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്ന എത്ര ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് അറിയാമെന്ന് അദ്ദേഹം ചോദിച്ചു. അമ്മയും കുഞ്ഞുമാണ് തനിക്ക് അത്തരത്തില്‍ അറിയാവുന്ന ഒരേയൊരു ഉദാഹരണമെന്നും ഹിന്റണ്‍ പറഞ്ഞു. പരിണാമം അമ്മയെക്കാളും കുഞ്ഞിനെ ബുദ്ധിമാനാക്കുമെന്നും അമ്മയെ നിയന്ത്രിക്കുന്ന വിധത്തില്‍ കുഞ്ഞിനെ പരുവപ്പെടുത്തുമെന്നും ഹിന്റണ്‍ പറയുന്നു. ഇത്രയും വേഗത്തിലുള്ള പുരോഗതി എ ഐയില്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താന്‍ മുന്‍പെ തന്നെ ഇത് ചിന്തിക്കേണ്ടതായിരുന്നുവെന്നും ഹിന്റണ്‍ പറഞ്ഞു. 2023-ല്‍ ഗൂഗിളില്‍ നിന്ന് ഹിന്റണ്‍ രാജിവെച്ചതിന് പിന്നാലെയാണ് അനിയന്ത്രിതമായ എ ഐ വികസനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ഹിന്റണ്‍ കൂടുതല്‍ സ്വതന്ത്രമായി സംസാരിക്കുന്നത്.
മനുഷ്യരാശിയെ എഐ തുടച്ചുനീക്കിയേക്കും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി നൊബേല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍