ഹൂസ്റ്റണ്‍: ടെക്സാസിലും മിസിസിപ്പിയിലും ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റുകള്‍ വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വാഹനങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തതു. സംഭവത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹ്യൂസ്റ്റണിന് തെക്ക് സ്ഥിതി ചെയ്യുന്ന ലിവര്‍പൂള്‍ പ്രദേശത്താണ് ഒരാള്‍ മരിച്ചത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് മാഡിസണ്‍ പോള്‍സ്റ്റണ്‍ പറഞ്ഞു.
ഹ്യൂസ്റ്റണ്‍ പ്രദേശത്ത് കുറഞ്ഞത് ആറ് ചുഴലിക്കാറ്റുകളെങ്കിലും ഉണ്ടായതായും ലിവര്‍പൂളിനും ഹില്‍ക്രെസ്റ്റ് വില്ലേജിനും ആല്‍വിനും ഇടയില്‍ കൗണ്ടിയില്‍ 'ഒന്നിലധികം ടച്ച്ഡൗണ്‍ പോയിന്റുകള്‍' ഉണ്ടെന്നും പോള്‍സ്റ്റണ്‍ പറഞ്ഞു. ഇതുവരെ പത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും നാശനഷ്ടത്തിന്റെ വ്യാപ്തി നിര്‍ണ്ണയിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹൂസ്റ്റണിന്റെ വടക്ക് കാറ്റിയിലും പോര്‍ട്ടര്‍ ഹൈറ്റ്സിലും മൊബൈല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. അവിടെ ഒരു ഫയര്‍ സ്റ്റേഷന്റെ വാതിലുകള്‍ തകര്‍ന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
മിസിസിപ്പിയില്‍ ആഡംസ് കൗണ്ടിയില്‍ ഒരാള്‍ മരിക്കുകയും ഫ്രാങ്ക്‌ലിന്‍ കൗണ്ടിയില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിസിസിപ്പി എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വക്താവ് അറിയിച്ചു. ബുഡെയ്ക്കും ബ്രാന്‍ഡന്‍ നഗരത്തിനും ചുറ്റും രണ്ട് ചുഴലിക്കാറ്റുകള്‍ വീശുകയും നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറിച്ചെറിയുകയും ചെയ്തതായി നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു.
മിസിസിപ്പിയില്‍ ഏകദേശം 71,000 യൂട്ടിലിറ്റി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഇല്ലായിരുന്നു. ആ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ മലരി വൈറ്റ് പറഞ്ഞു.