കൊച്ചി: കലൂര്‍ ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് 20 അടി താഴേയ്ക്കുവീണ ഉമാ തോമസ് എം.എല്‍.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍. അബോധാവസ്ഥയിലുള്ള അവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറിനേറ്റ ക്ഷതം കാരണമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തുടര്‍ ചികിത്സകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇത്രയും ഉയരത്തില്‍ നിന്നു വീഴുമ്പോള്‍ ഒന്നിലധികം പരിക്കുകള്‍ ശരീരത്തില്‍ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയോ മറ്റ് ചികിത്സാവിധികളോ ആവശ്യമായി കാണുന്നില്ല. ശസ്ത്രക്രിയ ആവശ്യമില്ലെന്നു പറയുമ്പോള്‍ അവസ്ഥ ഗുരുതരമല്ല എന്ന് അര്‍ഥമാക്കേണ്ടതില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
''ഉമാ തോമസിന് നിലവില്‍ ബോധം വന്നിട്ടില്ല. വേഗത്തില്‍ ഭേദമാകുന്ന അവസ്ഥയല്ല, ശരീരത്തിന് സാവധാനം നല്‍കുകയാണ് വേണ്ടത്. തീര്‍ത്തും മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ ആണ് എം.എല്‍.എ. ബോധം, പ്രതികരണം, ഓര്‍മ എന്നിവയെയൊക്കെ ബാധിക്കാവുന്ന അപകടമാണ് സംഭവിച്ചത്. സുഖം പ്രാപിക്കാന്‍ സമയം കൊടുക്കുകയാണ് വേണ്ടത്. അനിയന്ത്രിതമായ ആന്തരിക രക്തസ്രാവം ഇപ്പോള്‍ കാണുന്നില്ല. മുഖത്തെ അസ്ഥിക്കും പരിക്കുണ്ട്. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെ വിദഗ്ധരും സംഘമായി ചേര്‍ന്നാണ് പരിശോധിക്കുന്നത്''- ഡോക്ടര്‍മാര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തുമ്പോള്‍ ചെറുതായി ബോധമുണ്ടായിരുന്നുവെന്നും വിദഗ്ധസംഘം അറിയിച്ചു. കലൂര്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്. ആളുകളോട് സംസാരിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ ഇരിക്കാനായുമ്പോള്‍ വി.ഐ.പി സുരക്ഷയ്ക്കായി ഒരുക്കിയ ബാരിക്കേഡില്‍ പിടിത്തം കിട്ടാതെ വീഴുകയായിരുന്നു. ബാരിക്കേഡിന്റെ സ്ഥാനത്ത് റിബ്ബണ്‍ കെട്ടിവച്ചായിരുന്നു നിര്‍മാണെന്നും ആരോപണമുണ്ട്.
ഉമതോമസ് അബോധാവസ്ഥയില്‍; തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം; 24 മണിക്കൂര്‍ നിരീക്ഷണത്തില്‍