ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു


ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഏപ്രില്‍ 30 വരെ നിര്‍ത്തിവച്ചു.

'മിഡില്‍ ഈസ്റ്റിലെ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ 2024 ഏപ്രില്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുന്നു. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ടെല്‍ അവീവ് സര്‍വ്വീസുകളില്‍ ബുക്കിങ്ങുകളുള്ള യാത്രക്കാര്‍ക്ക് റീഷെഡ്യൂളിംഗ്, ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ എന്നിവയില്‍ ഒറ്റത്തവണ ഇളവ് നല്‍കി എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു' എയര്‍ ഇന്ത്യയുടെ പോസ്റ്റില്‍ പറയുന്നു.

ഡല്‍ഹി- ടെല്‍ അവീവ് വിമാന സര്‍വീസുകള്‍ തത്ക്കാലം നിര്‍ത്തിവച്ചതായി കഴിഞ്ഞ ഞായറാഴ്ച എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് മൂന്നിനാണ് ഇസ്രായേല്‍ തലസ്ഥാനത്തേക്കുള്ള സര്‍വീസ് ഏയര്‍ ഇന്ത്യാ പുന:രാരംഭിച്ചത്. ഇസ്രായേലില്‍ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2023 ഒക്ടോബര്‍ ഏഴു മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ ആദ്യം നിര്‍ത്തിവച്ചിരുന്നു.

ഡല്‍ഹി- ടെല്‍ അവീവ് റൂട്ടില്‍ ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് ഏയര്‍ ഇന്ത്യ നടത്തുന്നത്.

ഇസ്രായേലിനെതിരായ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് ഏപ്രില്‍ 15ന് ജര്‍മ്മന്‍ എയര്‍ലൈന്‍ ഗ്രൂപ്പായ ലുഫ്താന്‍സ അമ്മാന്‍, ബെയ്‌റൂട്ട്, എര്‍ബില്‍, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.

യു എ ഇയുടെ ഇത്തിഹാദ് എയര്‍വേസും ടെല്‍ അവീവ്, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഏപ്രില്‍ 13 വൈകുന്നേരം മുതല്‍ ഏപ്രില്‍ 15 രാവിലെ വരെ മേഖലയില്‍ താല്‍ക്കാലിക വ്യോമപാത അടച്ചതിനാല്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അതിന്റെ ചില വിമാനങ്ങള്‍ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു.