വെനിസ്വേലയിലെ യുഎസ് വ്യോമാക്രമണത്തില്‍ 40 മരണം

വെനിസ്വേലയിലെ യുഎസ് വ്യോമാക്രമണത്തില്‍ 40 മരണം


കാരാക്കാസ് :  വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്ച പുലര്‍ച്ചെ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണ പൗരന്മാരും സൈനികരും ഉള്‍പ്പെടെ കുറഞ്ഞത് 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രാഥമിക വിവരങ്ങളെ ഉദ്ധരിച്ച് വെനിസ്വേലന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ 'ദ ന്യൂയോര്‍ക്ക് ടൈംസ്' നോടാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.

അതേ സമയം, രാത്രി നടന്ന പ്രത്യേക സൈനിക ഓപ്പറേഷനില്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സേന പിടികൂടി. ഇരുവരെയും ഹെലികോപ്റ്ററില്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഫെഡറല്‍ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട പുതിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ, ആക്രമണത്തില്‍ ഒരു യുഎസ് സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്ന് പറഞ്ഞു. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഡൂറോയെയുമായി ഹെലികോപ്റ്റര്‍ പിന്‍വാങ്ങുമ്പോള്‍ വെടിവെപ്പുണ്ടായതായും ഒരു വിമാനം ആക്രമണത്തില്‍ തകരാറിലായെങ്കിലും പറക്കാവുന്ന നിലയിലായിരുന്നുവെന്നും യുഎസ് സൈനിക മേധാവി ജനറല്‍ ഡാന്‍ കെയിന്‍ അറിയിച്ചു.

വ്യോമാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കാരക്കാസ് വിമാനത്താവളത്തിന് സമീപമുള്ള ദരിദ്ര മേഖല ആയ കാതിയ ലാ മാര്‍ പ്രദേശത്താണ്. മൂന്ന് നിലകളുള്ള ഒരു താമസകെട്ടിടത്തില്‍ ബോംബ് പതിച്ചതിനെ തുടര്‍ന്ന് പുറംഭിത്തി തകര്‍ന്നു. 80 വയസ്സുള്ള റോസ ഗൊന്‍സാലസ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗൊന്‍സാലസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലും രോഷത്തിലും ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

150ലധികം യുഎസ് വിമാനങ്ങള്‍ ഉപയോഗിച്ച് വെനിസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ശേഷമാണ് ഹെലികോപ്റ്ററുകള്‍ വഴി സൈനികരെ മഡൂറോയുടെ വസതിയിലേക്ക് എത്തിച്ചത്. പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച ഓപ്പറേഷന്‍ രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റ് നീണ്ടുനിന്നു.

ആക്രമണത്തിന് പിന്നാലെ വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് കാരക്കാസില്‍ സ്വകാര്യ ചടങ്ങില്‍ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 'ഈ രാജ്യത്തിന് ഒരേയൊരു പ്രസിഡന്റ് മാത്രമേയുള്ളൂ, അത് നിക്കോളാസ് മഡൂറോ മോറോസാണ്,' എന്ന് അവര്‍ ദേശീയ അഭിസംബോധനയില്‍ പറഞ്ഞു. മറുവശത്ത്, പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ എഡ്മുണ്ടോ ഗൊന്‍സാലസിനെ പ്രസിഡന്റായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

വെനിസ്വേലയിലെ ഭരണകൂടമാറ്റം യുഎസ് മേല്‍നോട്ടത്തില്‍ നടക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 'സുരക്ഷിതവും ക്രമബദ്ധവുമായ മാറ്റം വരുന്നതുവരെ രാജ്യം യുഎസ് നിയന്ത്രിക്കും,' എന്നും സംസ്ഥാന നിയന്ത്രണത്തിലുള്ള എണ്ണമേഖല അമേരിക്കന്‍ കമ്പനികള്‍ക്ക് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനെതിരെ കാരക്കാസടക്കമുള്ള നഗരങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മഡൂറോയെ പിടികൂടിയത് 'തട്ടിക്കൊണ്ടുപോകല്‍' ആണെന്നും യുഎസ് നടപടി അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും അവര്‍ ആരോപിച്ചു. നിലവില്‍ യുഎസ് സൈനിക അധിനിവേശത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും, വെനിസ്വേലയില്‍ അധികാര അവകാശവാദം ഉയര്‍ത്തി പരസ്പരം ഏറ്റുമുട്ടുന്ന രാഷ്ട്രീയ അനിശ്ചിതത്വമാണ് തുടരുന്നത്.