ബീജിംഗ്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും കരാക്കാസില്‍ നിന്ന് പിടികൂടാന്‍ ഇടയാക്കിയ യു എസ് സൈനിക നടപടി ഓപ്പറേഷന്‍ ആബ്‌സല്യൂട്ട് റിസോള്‍വിന് പിന്നാലെ കടുത്ത പ്രതികരണവുമായി ചൈന.
യു എസിന്റെ അധിനിവേശപ നടപടികള്‍ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെയും പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിന്റെ ലക്ഷ്യങ്ങളും സിദ്ധാന്തങ്ങളും യു എസ് മാനിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിക്കുന്നത് അവസാനിപ്പിക്കണംമെന്നും ചൈന ആവശ്യപ്പെട്ടു.
യു എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പേ, ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങളിലെ ചൈനയുടെ പ്രത്യേക പ്രതിനിധിയായ ചിയു ഷിയാവോചി പ്രസിഡന്റ് മഡൂറോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബീജിങ്ങിന്റെ ലാറ്റിന്‍ അമേരിക്കന്‍ നയങ്ങളില്‍ കേന്ദ്രസ്ഥാനമാണ് കരാക്കാസിനുള്ളത്. ഏകദേശം 105.6 ബില്യണ്‍ ഡോളറിന്റെ വായ്പകളും സാമ്പത്തിക സഹായവുമാണ് ചൈന വെനിസ്വേലയ്ക്ക് നല്‍കിയിട്ടുള്ളത്.
ഏഷ്യയ്ക്ക് പുറത്തേക്കുള്ള ചൈനയുടെ സ്വാധീനം വിപുലീകരിക്കുന്ന തന്ത്രത്തിലെ നിര്‍ണായക ഘടകമായാണ് വെനിസ്വേലയെ ദീര്‍ഘകാലമായി ബീജിങ് കാണുന്നത്. 2006ല്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കാലഘട്ടത്തിലാണ് ഈ ബന്ധം ഔപചാരികമായത്. നിരവധി വ്യാപാര കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും യു എസ് സ്വാധീനത്തിനെതിരെ ചൈനയെ ഒരു 'ഗ്രേറ്റ് വാള്‍' ആയി കരാക്കാസ് വിശേഷിപ്പിക്കുകയും ചെയ്തു.
ഈ കരാറുകള്‍ പ്രകാരം വെനിസ്വേല പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ വരെ എണ്ണ ചൈനയ്ക്ക് നല്‍കും. മറുപടിയായി, ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമല്ലാത്ത അംഗത്വത്തിനായുള്ള വെനിസ്വേലയുടെ ശ്രമങ്ങള്‍ക്ക് ഉള്‍പ്പെടെ രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ബീജിങ് ഉറപ്പു നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2008ഓടെ, ചൈനയുടെ എണ്ണ ആവശ്യത്തിന്റെ ഏകദേശം പകുതിയും വെനിസ്വേലയിലൂടെയായിരുന്നു. ഇത് ചൈനയുടെ ഊര്‍ജ തന്ത്രത്തില്‍ രാജ്യത്തെ നിര്‍ണായക സ്ഥാനത്തേക്ക് ഉയര്‍ത്തി.
ഇതിന് പിന്നാലെ പങ്കാളിത്തം സാമ്പത്തിക മേഖലയിലേക്കും വ്യാപിച്ചു. ഭാവിയിലെ എണ്ണ വിതരണത്തെ അടിസ്ഥാനമാക്കി ചൈന വെനിസ്വേലയ്ക്ക് വന്‍ വായ്പകള്‍ നല്‍കാന്‍ തുടങ്ങി. യു എസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ എയ്ഡ് ഡേറ്റയുടെ കണക്കുകള്‍ പ്രകാരം, 2006ല്‍ 2 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയ ചൈന 2007ല്‍ അത് 7 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. തുടര്‍ന്ന് 2009ല്‍ 8 ബില്യണ്‍ ഡോളറും 2010ല്‍ ഏകദേശം 27 ബില്യണ്‍ ഡോളറും കൂടി നല്‍കി.
2007ല്‍, ചൈന ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് 4 ബില്യണ്‍ ഡോളര്‍ വായ്പയും വെനിസ്വേലയിലെ സര്‍ക്കാര്‍ വികസന ഫണ്ടായ ഫോണ്ടനില്‍ നിന്ന് 2 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്ന 6 ബില്യണ്‍ ഡോളറിന്റെ സംയുക്ത ഫണ്ട് ഇരുരാജ്യങ്ങളും രൂപീകരിച്ചു. വെനിസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പി ഡി വി എസ് എ വഴിയുള്ള എണ്ണ കയറ്റുമതികളായിരുന്നു തിരിച്ചടവിന്റെ ഉറപ്പ്. 2009ല്‍ ഈ ഫണ്ട് 12 ബില്യണ്‍ ഡോളറായി വികസിപ്പിച്ചു.
വെനിസ്വേലയുടെ സമ്പദ്വ്യവസ്ഥ ദുര്‍ബലമായപ്പോഴും ചൈന വായ്പ നല്‍കല്‍ തുടര്‍ന്നു. 2014ല്‍ പി ഡി വി എസ് എയ്ക്ക് 1 ബില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് ലൈനും പ്രവര്‍ത്തന മൂലധനത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ മറ്റൊരു വായ്പയും നല്‍കി.
അതേ വര്‍ഷം ആഗോള എണ്ണവില കുത്തനെ ഇടിഞ്ഞതോടെ നിക്കോളാസ് മഡൂറോയുടെ നേതൃത്വത്തില്‍ വെനിസ്വേലയുടെ സമ്പദ്വ്യവസ്ഥ ഗുരുതര പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ എണ്ണ കയറ്റുമതിയെ അടിസ്ഥാനമാക്കി കൂടുതല്‍ 10 ബില്യണ്‍ ഡോളറിന്റെ വായ്പ ചൈന അനുവദിച്ചു. 2015ല്‍ ഏകദേശം 50 ബില്യണ്‍ ഡോളറിന്റെ കുടിശ്ശിക വായ്പകളുടെ തിരിച്ചടവ് നിബന്ധനകള്‍ ബീജിങ് ഇളവു ചെയ്തു. പ്രതിദിന എണ്ണ കയറ്റുമതി കുറയ്ക്കാനും ചില തിരിച്ചടവുകള്‍ പ്രാദേശിക കറന്‍സിയില്‍ സ്വീകരിക്കാനും അനുമതി നല്‍കി.
2016നുശേഷം, വെനിസ്വേലയ്ക്ക് പുതിയ വായ്പകള്‍ നല്‍കുന്നത് ചൈന ഭൂരിഭാഗവും നിര്‍ത്തി. നിലവിലുള്ള കടങ്ങള്‍ പുനഃക്രമീകരിക്കുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും വെനിസ്വേല ഇപ്പോഴും ചൈനയുടെ ഏറ്റവും വലിയ കടക്കാരില്‍ ഒന്നാണ്. കരാക്കാസിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ബീജിങ്ങിന് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
