ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഒഴിവാക്കണമെങ്കില്‍ അമേരിക്കയാണ് ഇനി അടുത്ത നീക്കം നടത്തേണ്ടതെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപില്‍ അമേരിക്ക വീണ്ടും ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഖാലിബാഫിന്റെ പ്രതികരണം.
യുദ്ധത്തിന് വിരല്‍ ട്രിഗറില്‍ വെച്ച് ഇറാന്‍ സജ്ജമാണെന്നും അതേസമയം അമേരിക്കയ്ക്ക് ശക്തവും യുക്തിസഹവുമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൊവ്വാഴ്ച ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഇറാന്‍ യുദ്ധത്തിന് പൂര്‍ണ സജ്ജമാണെന്ന കാര്യം മേഖലയിലെ രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖാലിബാഫ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഖേഷം ദ്വീപിനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണം നടത്തിയതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി അഞ്ച് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഖേഷം ദ്വീപിലെ ആക്രമണം പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആഗോള വിപണികളെയും വ്യാപാരത്തെയും ബാധിച്ചുകൊണ്ടിരിക്കുന്ന മേഖലയിലെ പ്രതിസന്ധിയില്‍ ഹോര്‍മുസ് കടലിടുക്ക് നിര്‍ണായക കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇറാനുമായി കരാറിലെത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് പുതിയ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും വിലക്കയറ്റവും പ്രധാന ചര്‍ച്ചാവിഷയങ്ങളാകുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് സംഭവവികാസങ്ങള്‍.
ഇറാന്‍ എത്രയും വേഗം ഒരു ഒത്തുതീര്‍പ്പാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
അമേരിക്കയുമായുള്ള പരോക്ഷ ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇരുപക്ഷവും തീവ്രമായ കൂടിയാലോചനകളിലാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
നിലവിലെ സാഹചര്യം അതീവ ഗൗരവമുള്ളതും നിര്‍ണായകവുമായതിനാല്‍ ചര്‍ച്ചകളും കൂടിയാലോചനകളും വളരെ ഊര്‍ജിതമായി മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളോട് വ്യക്തമാക്കി.
കരാറിലെത്താന്‍ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ മുന്നേറ്റമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതികരിച്ചു.
പുതിയ ചര്‍ച്ചകള്‍ക്കുള്ള സാധ്യത സംബന്ധിച്ച് കഴിഞ്ഞയാഴ്ച വാന്‍സ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിക്ക് കത്തയച്ചിരുന്നു. മാസങ്ങള്‍ക്കുശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ആശയവിനിമയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ സമുദ്ര ഉപരോധം പിന്‍വലിക്കുകയും ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യാതെ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന നിലപാടിലാണ് ടെഹ്റാന്‍.
ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതുവരെ കടലിടുക്ക് അടച്ചുതന്നെ തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വ്യക്തമാക്കി.
കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഏഴ് ദിവസത്തെ പദ്ധതിയും ഇറാന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, എണ്ണ ഉപരോധം പിന്‍വലിക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കയുടെ പ്രത്യുപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
