ന്യൂഡല്‍ഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായ ഇറാനിയന്‍ മത്സ്യബന്ധന കപ്പലിലെ 20 ജീവനക്കാരെയും 48 മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ ഇന്ത്യന്‍ നാവികസേന സുരക്ഷിതമായി മോചിപ്പിച്ചു. ഒക്ടോബര്‍ 29ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത അസിനി (Azini) എന്ന കപ്പലാണ് തിങ്കളാഴ്ച അറബിക്കടലില്‍ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെ വീണ്ടെടുത്തത്. മുംബൈയില്‍നിന്ന് ഏകദേശം 3,000 കിലോമീറ്റര്‍ അകലെവച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
സംഘടിതമായി നടത്തിയ ദൗത്യത്തിലൂടെ ആയുധധാരികളായ കടല്‍ക്കൊള്ളക്കാരെ നേരിട്ട് കപ്പലും ജീവനക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാനായത് നാവികസേനയുടെ ഉയര്‍ന്ന പ്രവര്ത്തനസജ്ജതയുടെ തെളിവാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സമയത്ത് ഇന്ത്യന്‍ വ്യോമസേനയും പിന്തുണ നല്‍കിയിരുന്നു. കപ്പലിന്റെ സ്ഥാനം കണ്ടെത്തല്‍, തടഞ്ഞുനിര്‍ത്തല്‍, ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കല്‍ തുടങ്ങിയ ഘട്ടങ്ങള്‍ കൃത്യമായ ഏകോപനത്തോടെയാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വടക്കുകിഴക്കന്‍ സൊമാലിയയിലെ ബന്ദര്‍ ബെയ്ല, ഹഫുന് തീരദേശ പട്ടണങ്ങള്ക്കിടയില്വച്ചാണ് അസിനി കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനും മനുഷ്യജീവന് സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ദൗത്യത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. സുരക്ഷിതവും സ്വതന്ത്രവും തുറന്നതുമായ ഇന്ത്യന്‍ മഹാസമുദ്ര മേഖല ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2008 ഒക്ടോബര്‍ 23 മുതല്‍ ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസേന തുടര്‍ച്ചയായി കടല്‍ക്കൊള്ള വിരുദ്ധ പട്രോളിങ് നടത്തുന്നുണ്ട്. മേഖലയില്‍ എപ്പോഴും കുറഞ്ഞത് ഒരു ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് നിരീക്ഷണം. ഇന്ത്യയുടെ കടല്‍മാര്‍ഗമുള്ള വ്യാപാരത്തിന് സുരക്ഷയൊരുക്കുക, കപ്പല്‍ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുക, കടല്‍ക്കൊള്ള തടയുക എന്നിവയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു; 20 ജീവനക്കാരെയും രക്ഷിച്ച് നാവികസേന
