16-കാരനെ കൊന്ന് ചാക്കിലാക്കി കുഴിച്ചിട്ടു; പ്രതിയായ 17-കാരൻ അടക്കം സുഹൃത്തുക്കൾ പിടിയിൽ

16-കാരനെ കൊന്ന് ചാക്കിലാക്കി കുഴിച്ചിട്ടു; പ്രതിയായ 17-കാരൻ അടക്കം സുഹൃത്തുക്കൾ പിടിയിൽ


തിരുവനന്തപുരം: നഗരത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനാറു വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്‌കൂൾ വിദ്യാർഥിയായ അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിൻ്റെ രണ്ട് സുഹൃത്തുക്കളെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 17ഉം 19ഉം വയസുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

​പാങ്ങപ്പാറയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭിരാമിനെ ഇന്നലെ ഉച്ച മുതലാണ് കാണാതാകുന്നത്. വീട്ടിലിരിക്കെ വന്ന ഒരു ഫോൺ കോളിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. തുടർന്ന് കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വൈകുന്നേരം ആയിട്ടും അഭിരാം തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.

​പരാതിയെ തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണമാണ് നിർണായക വഴിതിരിവിരിലേക്ക് എത്തിച്ചത്. അഭിരാമിൻ്റെ ഫോൺ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ മൃതദേഹം കണ്ടെത്തിയത്. പാങ്ങപ്പാറയിലെ ഒരു പറമ്പിൽ ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

ഫോൺ കോളിൽ വിളിച്ചുവരുത്തി കൊലപാതകം നടത്തിയതിന് പിന്നിലെ യഥാർഥ കാരണം എന്താണെന്ന് വ്യക്തത വരുത്താൻ പൊലീസ് കസ്റ്റഡിയിലുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്തു വരികയാണ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് നാട്ടുകാരെയും സഹപാഠികളെയും ഒരുപോലെ നടുക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.