അറ്റ്‌ലാന്റ: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനാച്ഛാദനം ചെയ്തു. ദേശീയ ഐക്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നിരവധി പേര്‍ പങ്കെടുത്തു.
ചടങ്ങിനുശേഷം ജയശങ്കര്‍ ഇന്ത്യന്‍ പ്രവാസി സമൂഹാംഗങ്ങളുമായി സംവദിച്ചു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ നല്‍കിയ മഹത്തായ സംഭാവനകളും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും നേതൃത്വപാടവവും അനുസ്മരിച്ച മന്ത്രി, അനാച്ഛാദനം ചെയ്ത പ്രതിമ വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ നേട്ടങ്ങളിലും രാജ്യത്തിനും ലോകത്തിനും അവര്‍ നല്‍കിവരുന്ന സംഭാവനകളിലും അഭിമാനമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ ഐക്യദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആചരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ ഏകീകരണത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും നിര്‍ണായക സംഭാവന നല്‍കിയ നേതാവാണ് സര്‍ദാര്‍ പട്ടേല്‍.
