ഷിക്കാഗോ: നഗരത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കവുമായി ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍. രണ്ടാം തവണയും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെ രാഷ്ട്രീയ എതിര്‍പ്പുകള്‍ക്കിടയിലാണ് 17.6 ബില്യണ്‍ ഡോളറിന്റെ പുതിയ ബജറ്റ് നിര്‍ദേശം അദ്ദേഹം അവതരിപ്പിച്ചത്. നഗരസേവനങ്ങള്‍ക്കുള്ള ചെലവ് വര്‍ധിപ്പിക്കുക, പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നഷ്ടപരിഹാരം നല്‍കാന്‍ വായ്പയെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. എന്നാല്‍ വസ്തുനികുതി വര്‍ധിപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഈടാക്കാനുള്ള ഹെഡ് ടാക്‌സ് പദ്ധതി വീണ്ടും കൊണ്ടുവന്നതാണ് ബജറ്റിലെ പ്രധാന ചര്‍ച്ചാവിഷയം.
125ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും 25 ഡോളര്‍ വീതം നികുതി ചുമത്താനാണ് നിര്‍ദേശം. എന്നാല്‍ സാമൂഹികസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും നികുതി ഇളവ് നല്‍കും. ഈ പദ്ധതിയിലൂടെ ഏകദേശം 10 കോടി ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ചരിത്രപരമായി അവഗണിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് നിക്ഷേപം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ബജറ്റ് കമ്മിറ്റി ചെയര്‍മാന്‍ ജേസണ്‍ എര്‍വിന്‍ വ്യക്തമാക്കി. കോര്‍പ്പറേറ്റുകളും അതിസമ്പന്നരും സമൂഹത്തിന് അര്‍ഹമായ വിഹിതം നല്‍കണമെന്നത് ന്യായമായ പ്രതീക്ഷയാണെന്ന് ജോണ്‍സണ്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം സിറ്റി കൗണ്‍സില്‍ ഭൂരിപക്ഷം ഈ നികുതി നിര്‍ദേശം തള്ളിയിരുന്നു. ഇത്തവണയും കൗണ്‍സിലിലെ ചില അംഗങ്ങള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തൊഴിലവസരങ്ങള്‍ക്ക് തന്നെ നികുതി ചുമത്തുന്നത് യുക്തിസഹമല്ലെന്നാണ് കൗണ്‍സിലര്‍ ബില്‍ കോണ്‍വേയുടെ വിമര്‍ശനം. അതിനാല്‍ ബജറ്റ് നിര്‍ദേശം കൗണ്‍സിലില്‍ അംഗീകരിപ്പിക്കുക മേയര്‍ക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയായേക്കും.
മാനസികാരോഗ്യ ക്ലിനിക്ക് വീണ്ടും തുറക്കുക, യുവാക്കള്‍ക്കുള്ള തൊഴില്‍ പദ്ധതികള്‍ വിപുലീകരിക്കുക, പൊതുഗ്രന്ഥശാലകള്‍ക്കുള്ള ബജറ്റ് വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ജോണ്‍സണ്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, പോലീസ് അതിക്രമക്കേസുകളിലെ നഷ്ടപരിഹാരത്തിനായി 481 മില്യണ്‍ ഡോളര്‍ വായ്പയെടുക്കാനുള്ള നീക്കവും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിലെ പലിശനിരക്കനുസരിച്ച് ഈ വായ്പയ്ക്ക് 190 മില്യണ്‍ ഡോളര്‍ അധിക പലിശ നല്‍കേണ്ടിവരുമെന്നാണ് നഗരത്തിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആഷ്‌ലി ഗബ്രിഷിന്റെ കണക്ക്. നികുതി നീതിയും പൊതുസേവന വികസനവും സാമ്പത്തിക ബാധ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തേണ്ട നിര്‍ണായക ഘട്ടത്തിലാണ് ഷിക്കാഗോ ഭരണകൂടം.
കോര്‍പ്പറേറ്റുകള്‍ ന്യായമായ നികുതി നല്‍കണം; 100 മില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍
