ക്യൂബെക്കില്‍ പ്രൈമറി സ്‌കൂളുകളില്‍ മതവേഷങ്ങള്‍ക്ക് നിരോധനം; തലപ്പാവിനും നിഖാബിനും വിലക്ക്

ക്യൂബെക്കില്‍ പ്രൈമറി സ്‌കൂളുകളില്‍ മതവേഷങ്ങള്‍ക്ക് നിരോധനം; തലപ്പാവിനും നിഖാബിനും വിലക്ക്


ഒട്ടാവ: ക്യൂബെക് പ്രവിശ്യയിലെ പ്രൈമറി സ്‌കൂളുകളില്‍ സിഖ് തലപ്പാവ്, മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന നിഖാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രധാരണങ്ങള്‍ നിരോധിക്കാന്‍ പുതിയ സര്‍ക്കാര്‍ നീക്കം. നിലവിലുള്ള മതനിരപേക്ഷതാ നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മതചിഹ്നങ്ങള്‍ പ്രകടമാക്കുന്ന വസ്ത്രങ്ങളും അനുബന്ധങ്ങളും ധരിക്കാന്‍ അനുമതി നല്‍കില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജോയല്‍ അര്‍സെനോ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്നും നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ വിഘടനവാദ നിലപാടുള്ള പാര്‍ട്ടി ക്യൂബെക്ക്വായുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മതപരമായ വസ്ത്രധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്.

മുന്‍ ഭരണകക്ഷിയായ കോയലിഷന്‍ അവനീര്‍ ക്യൂബെക്ക് സര്‍ക്കാര്‍ ഏപ്രിലില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ നീക്കം. പൊതുസര്‍വകലാശാലകള്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശിശുപരിപാലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മതപരമായ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. റോഡുകളിലും പാര്‍ക്കുകളിലും കൂട്ടായ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും വിലക്കുണ്ട്.

പൊതുസ്ഥലങ്ങളില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികള്‍ക്ക് 2019ലാണ് ക്യൂബെക്കില്‍ തുടക്കമായത്. അന്നത്തെ മതനിരപേക്ഷതാ നിയമപ്രകാരം ചില വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിക്കിടെ മതവിശ്വാസം പ്രകടമാക്കുന്ന ചിഹ്നങ്ങള്‍ ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തി. സിഖുകാരുടെ തലപ്പാവ്, മുസ്ലിം സ്ത്രീകളുടെ ഹിജാബ് എന്നിവയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.

പുതിയ നീക്കത്തിനെതിരെ കനേഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷന്‍ രംഗത്തെത്തി. മതസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും വേണ്ടിയുള്ള സംഘടനയുടെ ക്യൂബെക്ക് വക്താവും ഡയറക്ടറുമായ അനൈസ് ബുസിയേര്‍ മക്നിക്കോള്‍, മതപരമായ ആവിഷ്‌കാരങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുകയാണെന്ന് ആരോപിച്ചു.

ആദ്യം ചില സര്‍ക്കാര്‍ ജീവനക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പിന്നീട് പൊതുവിദ്യാലയങ്ങളിലെയും സര്‍ക്കാര്‍ ധനസഹായമുള്ള സ്വകാര്യ സ്‌കൂളുകളിലെയും ജീവനക്കാരിലേക്കും ശിശുപരിപാലന കേന്ദ്രങ്ങളിലേക്കും വിലക്ക് വ്യാപിപ്പിച്ചു. ഇപ്പോള്‍ കുട്ടികളെയും ലക്ഷ്യമിടുകയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

യഥാര്‍ഥത്തില്‍ നിലവിലില്ലാത്ത ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനെന്ന പേരിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അപരത്വബോധവും വിവേചനവും വളര്‍ത്തുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും മക്നിക്കോള്‍ വിമര്‍ശിച്ചു.

ക്യൂബെക്ക് മുസ്ലിം ദേശീയ കൗണ്‍സിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ചു. മതസ്വാതന്ത്ര്യം, പൊതുവിദ്യാഭ്യാസത്തില്‍ തുല്യമായ പ്രവേശനാവകാശം, ക്യൂബെക്ക് സമൂഹത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കുള്ള സ്ഥാനം എന്നിവയെക്കുറിച്ച് പുതിയ പ്രഖ്യാപനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയതായി സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.

നിരോധനം നടപ്പാക്കിയാല്‍ സ്‌കൂളുകളും വിദ്യാര്‍ഥികളുടെ കുടുംബങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ മേഖലയിലെ ചില മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയതായും സംഘടന ചൂണ്ടിക്കാട്ടി. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇത്തരം നിയന്ത്രണങ്ങള്‍ ഉചിതമായ പൊതുനയമല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നയത്തിലൂടെ കുട്ടികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന് സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീഫന്‍ ബ്രൗണ്‍ ചോദ്യം ചെയ്തു. കുട്ടികള്‍ക്കും അവരുടെ ആത്മീയ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ടെന്നും അതിനെതിരായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ ഭാഗമല്ലെന്നും രണ്ടാംതരം പൗരന്മാരാണെന്നുമുള്ള സന്ദേശമാണ് ഇത്തരം നടപടികള്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും ബ്രൗണ്‍ വിമര്‍ശിച്ചു.