ഫ്ലോറിഡ: സ്വകാര്യ വിമാനം ഫ്ലോറിഡയിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര് മരിച്ചു. പാം ബീച്ച് കൗണ്ടിയിലെ ഗ്രീന്ഏക്കേഴ്സില് നവംബര്‍ ഒന്ന്, രണ്ട് തീയതികള്ക്കിടയിലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ഒമ്പത് പേരുമായി യാത്ര ചെയ്തിരുന്ന ലിയര്‍ജെറ്റ് 60 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി സീന്‍ ഡഫി സ്ഥിരീകരിച്ചു.
വിമാനം റോഡിലേക്ക് പതിച്ചതോടെ വന്‍ തീഗോളം ഉയരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഫ്ലോറിഡയിലെ ക്രെസ്റ്റ്ഹേവന് മേഖലയ്ക്ക് സമീപം പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50ഓടെയായിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍എലാഗോ വസതിയില്‍നിന്ന് ഏകദേശം ഒമ്പത് മൈല്‍ അകലെയാണ് അപകടസ്ഥലം.
ടെക്സസിലെ ഓസ്റ്റിനില്‍നിന്ന് പുറപ്പെട്ട വിമാനം ബഹാമാസിലേക്കാണ് പോയിരുന്നതെന്ന് ഡഫി അറിയിച്ചു. ഓസ്റ്റിന്ബെര്ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം നോര്‍ത്ത് എല്യൂതെറ വിമാനത്താവളത്തിലേക്കായിരുന്നു യാത്രയെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ) സ്ഥിരീകരിച്ചു.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാര്24ന്റെ വിവരങ്ങള്‍ പ്രകാരം, ഓസ്റ്റിനില്‍നിന്ന് പുറപ്പെട്ട വിമാനം ആദ്യം 41,000 അടി ഉയരത്തില്‍ എത്തിയിരുന്നു. പിന്നീട് ഫ്ലോറിഡയിലെ നേപ്പിള്‍സിന് സമീപം താഴേക്കിറങ്ങിയ വിമാനം വീണ്ടും അല്പസമയം ഉയരുകയും തുടര്‍ന്ന് വലത്തോട്ട് കുത്തനെ താഴേക്ക് പതിക്കുകയും ചെയ്തു.
അപകടത്തെ ഭയാനകമായ ദുരന്തമെന്ന് വിശേഷിപ്പിച്ച ഡഫി, ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിന്റെ (എന്‍ടിഎസ്ബി) അന്വേഷണത്തിന് സഹായം നല്‍കുന്നതിനായി എഫ്എഎയുടെ സംഘം അപകടസ്ഥലത്തേക്ക് പോകുകയാണെന്നും അറിയിച്ചു. എഫ്എഎയും യുഎസ് ഗതാഗത വകുപ്പും സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് എഫ്എഎയും എന്‍ടിഎസ്ബിയും സംയുക്തമായി അന്വേഷണം നടത്തും.
അപകടത്തെത്തുടര്‍ന്ന് ക്രെസ്റ്റ്ഹേവന് ബൊളിവാര്‍ഡിനും ടെന്ത് അവന്യൂ നോര്‍ത്തിനും ഇടയിലുള്ള മിലിട്ടറി ട്രെയില്‍ റോഡ് അടച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുനിന്ന് മാറിനില്‍ക്കാനും റോഡിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും അധികൃതര്‍ ജനങ്ങളോട് നിര്‍ദേശിച്ചു. രക്ഷാപ്രവര്‍ത്തനവും തുടര്‍നടപടികളും ദീര്‍ഘനേരം നീളുന്ന അടിയന്തര പ്രവര്‍ത്തനമാണെന്ന് പാം ബീച്ച് കൗണ്ടി ഫയര്‍ റെസ്ക്യൂ എക്സിലൂടെ അറിയിച്ചു. അപകടമേഖലയിലേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഫ്ലോറിഡയില്‍ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നുവീണ് വന്‍ തീഗോളമായി; ഒമ്പത് പേര് മരിച്ചു
