ഗ്യാനേഷ് കുമാറില്ലായിരുന്നെങ്കില്‍ മോഡിയും അമിത് ഷായും അധികാരത്തിലുണ്ടാകുമായിരുന്നില്ല: രാഹുല്‍ ഗാന്ധി

ഗ്യാനേഷ് കുമാറില്ലായിരുന്നെങ്കില്‍ മോഡിയും അമിത് ഷായും അധികാരത്തിലുണ്ടാകുമായിരുന്നില്ല: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷമായ ഇന്ത്യാ മുന്നണി ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന 'ചലോ ഡല്‍ഹി' മാര്‍ച്ച് മിന്റോ റോഡ്- കൊണാട്ട് പ്ലേസ് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് രാംലീല മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഇന്ത്യാ മുന്നണി റാലിയില്‍ രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പ്രസംഗിച്ചു.

ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ റാലിക്ക് മറുപടിയായി ബി ജെ പിയും ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചായിരുന്നു ബി ജെ പിയുടെ പ്രതിഷേധം. കലാപത്തിന്റെ വാര്‍ഷികദിനത്തില്‍ കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചതിനെ ബി ജെ പി വിമര്‍ശിച്ചു.

സിഖ് ജനസംഖ്യ കൂടുതലുള്ള ഹരിനഗര്‍ മേഖലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് തിലക് നഗര്‍ മെട്രോ സ്റ്റേഷനില്‍ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഹരിയാനയിലെ റോത്തക്കില്‍ 'ലോക്തന്ത്ര ബചാവോ, അരാജകത ഹഠാവോ' എന്ന മുദ്രാവാക്യവുമായി മറ്റൊരു മാര്‍ച്ചിനും നേതൃത്വം നല്‍കി.

രാംലീല മൈതാനിയിലെ വന്‍ ജനപങ്കാളിത്തം രാജ്യത്ത് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ജനാധിപത്യത്തിന്റെ 'ഹല്‍ദിഘാട്ടി'യായി രാംലീല മൈതാന്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഉത്തര്‍പ്രദേശിലൂടെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയവര്‍ക്ക് അതേ സംസ്ഥാനത്തുനിന്നുതന്നെ അധികാരം നഷ്ടപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഉറച്ച നിലപാടിനെ അംഗദന്റെ കാലിനോട് ഉപമിക്കുന്ന ബി ജെ പി നേതാക്കള്‍ക്ക് നില്‍ക്കാന്‍ പോലും മണ്ണില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.

വാരാണസിയിലെ സമീപകാല എം എല്‍ സി തെരഞ്ഞെടുപ്പും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാശിയിലെ ജനങ്ങള്‍ ബി ജെ പിയുടെ 'ഇരട്ട എന്‍ജിന്‍' സര്‍ക്കാരിനെ 'ഇരട്ട പൂജ്യ'മാക്കി മാറ്റിയിരിക്കുകയാണെന്ന് അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്‌തെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. രാംലീല മൈതാനിയില്‍ റാലി നടക്കുന്നതിനിടെ സംസ്ഥാനത്തെ 1.27 ലക്ഷം ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ഓരോ നിയമസഭാ മണ്ഡലത്തിലും ശരാശരി 31,000 വോട്ടുകളുടെ കുറവാണ് ഇതിലൂടെ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.