ന്യൂഡല്‍ഹി: കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 49.6 കോടി ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യ ദാരിദ്ര്യനിര്‍മാര്‍ജന രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായാണ് ലോകബാങ്കിന്റെ 2026 ഒക്ടോബറിലെ 'ഇന്ത്യ പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി ബ്രീഫ്' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പ്രതിദിനം മൂന്ന് ഡോളറില്‍ താഴെ വരുമാനമുള്ളവരുടെ നിരക്ക് 2011ല്‍ 27.1 ശതമാനമായിരുന്നത് 2023ല്‍ 2.6 ശതമാനമായി കുറഞ്ഞു. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കായുള്ള പ്രതിദിനം 4.20 ഡോളര്‍ എന്ന ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരുടെ നിരക്ക് 57.7 ശതമാനത്തില്‍ നിന്ന് 16.1 ശതമാനമായും കുറഞ്ഞു. ഇതുവഴിയാണ് ഏകദേശം 49.6 കോടി പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നത്.
ദാരിദ്ര്യം കുറയാന്‍ കാരണമായത് എന്തെല്ലാം?
ശക്തമായ ഉപഭോഗ വളര്‍ച്ച, തൊഴില്‍ അവസരങ്ങളിലെ വര്‍ധന, പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ മുന്നേറ്റം, ഭക്ഷ്യസബ്‌സിഡി ഉള്‍പ്പെടെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിപുലീകരണം എന്നിവയാണ് ദാരിദ്ര്യം കുറയാന്‍ പ്രധാന കാരണങ്ങളായി ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
2017നും 2023നും ഇടയില്‍ ഇന്ത്യയില്‍ ഏകദേശം 13.4 കോടി തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ ശമ്പളമുള്ള തൊഴില്‍ രംഗത്തേക്ക് കടന്നുവന്നത് നിര്‍ണായക പങ്കുവഹിച്ചു. ഇതോടെ കുടുംബങ്ങളില്‍ വരുമാനം നേടുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ഗ്രാമീണ, നഗര മേഖലകളിലെ കുടുംബങ്ങളുടെ ജീവിതനിലവാരത്തില്‍ പുരോഗതിയുണ്ടായതായും ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യം വേഗത്തില്‍ കുറഞ്ഞതോടെ നഗരഗ്രാമ വ്യത്യാസം കുറയുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ദാരിദ്ര്യം കൂടുതല്‍ കേന്ദ്രീകരിക്കുന്നത് ചില സംസ്ഥാനങ്ങളില്‍
രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെങ്കിലും അവശേഷിക്കുന്ന ദാരിദ്ര്യം ചില ഭൂമിശാസ്ത്ര മേഖലകളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ് മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളുടെ തുടര്‍ച്ചയായ മേഖലയിലാണ് രാജ്യത്തെ ദരിദ്രരില്‍ 57 ശതമാനത്തോളം പേര്‍ കഴിയുന്നത്. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ദാരിദ്ര്യം കുറയ്ക്കുന്നതില്‍ നിര്‍ണായകമാകും.
2028ഓടെ ദാരിദ്ര്യനിരക്ക് വീണ്ടും കുറയും
ഇന്ത്യയില്‍ ദാരിദ്ര്യം ഇനിയും കുറയുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. എന്നാല്‍ മുന്‍കാലത്തേക്കാള്‍ കുറഞ്ഞ വേഗത്തിലായിരിക്കും ഈ പുരോഗതി. പ്രതിദിനം 4.20 ഡോളര്‍ എന്ന ദാരിദ്ര്യരേഖ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യനിരക്ക് 2026ലെ 14.2 ശതമാനത്തില്‍ നിന്ന് 2028ഓടെ 12.1 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വരുമാനത്തിലെ അസമത്വം ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്. 2023ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടെ മധ്യവരുമാനം ഏറ്റവും താഴ്ന്ന വരുമാനമുള്ള 10 ശതമാനം തൊഴിലാളികളുടേതിന്റെ 13 മടങ്ങായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകബാങ്ക് റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് നിര്‍മല സീതാരാമന്‍
ഉപഭോഗ വളര്‍ച്ച, തൊഴില്‍ വര്‍ധന, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, ഭക്ഷ്യസബ്‌സിഡി ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ എന്നിവയാണ് ദാരിദ്ര്യം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇതാണ് എന്‍ഡിഎ സര്‍ക്കാരിന് ജനങ്ങളുടെ വിശ്വാസവും പിന്തുണയും ലഭിക്കുന്നതിന്റെ കാരണമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, കുടുംബങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതുസേവനങ്ങള്‍ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുക എന്നിവയിലൂടെ ഈ നേട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും അവര്‍ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 49.6 കോടി പേര്‍; ദാരിദ്ര്യനിരക്ക് 27.1 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് റിപ്പോര്‍ട്ട്
