ശത്രുനീക്കങ്ങള്‍ക്ക് ഉടന്‍ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി മുജ്തബ ഖമനേയി; യുദ്ധം വ്യാപിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ശത്രുനീക്കങ്ങള്‍ക്ക് ഉടന്‍ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി മുജ്തബ ഖമനേയി; യുദ്ധം വ്യാപിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്


തെഹ്റാന്‍: ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ ആക്രമണമോ ഉണ്ടായാല്‍ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ ഉടനടി ഫലപ്രദമായ തിരിച്ചടി നല്‍കാന്‍ സായുധസേനയ്ക്ക് നിര്‍ദേശം നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനേയി. ശനിയാഴ്ച രാജ്യത്തെ മുതിര്‍ന്ന സൈനിക മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്ത്രപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ശത്രുക്കള്‍ വീണ്ടും സൈനികമോ ഭീകരവാദപരമോ ആയ ആക്രമണങ്ങള്‍ നടത്തിയാല്‍ യുദ്ധം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യവും തീരുമാനിക്കുന്നത് ഇറാന്റെ സായുധസേനയും ജനങ്ങളുമായിരിക്കുമെന്ന് ഖമനേയി മുന്നറിയിപ്പ് നല്‍കി. സൈനികരുടെ ആത്മവീര്യവും മനോഭാവവും ശക്തിപ്പെടുത്തണമെന്നും സൈനികരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും നിരന്തര ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അമേരിക്ക വീണ്ടും ആക്രമണം നടത്തിയാല്‍ യുദ്ധം കൂടുതല്‍ വിശാലമായ മേഖലയിലേക്ക് വ്യാപിക്കുമെന്ന് ഇറാന്‍ സൈന്യവും മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേലിന്റെ സമ്മര്‍ദത്തിന് വഴങ്ങി വീണ്ടും മേഖലയില്‍ സൈനിക സാഹസത്തിന് മുതിര്‍ന്നാല്‍ യുദ്ധത്തിന്റെ തീ കൂടുതല്‍ ഭൂപ്രദേശങ്ങളിലേക്ക് പടരുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.

ഇറാനെതിരെ വീണ്ടും ആക്രമണമുണ്ടായാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണത്തിന് മറുപടിയായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പിന് നേരിടേണ്ടിവരുന്ന 100 ബില്യണ്‍ യൂറോയുടെ ഊര്‍ജച്ചെലവ് ഒന്നുമല്ലെന്നും അദ്ദേഹം ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിനുള്ള മറുപടിയില്‍ പറഞ്ഞു. ഇറാന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയ്ക്ക് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മെര്‍സ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. നേരത്തേ ഇറാനിലെ അമേരിക്കന്‍- ഇസ്രയേല്‍ സൈനിക നടപടിയെ പിന്തുണച്ചിരുന്ന അദ്ദേഹം പിന്നീട് യുദ്ധത്തില്‍ അമേരിക്ക അപമാനിക്കപ്പെടുകയാണെന്നും പിന്മാറാനുള്ള വ്യക്തമായ തന്ത്രം ഇല്ലെന്നും വിമര്‍ശിച്ചിരുന്നു.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്ന് കൂടുതല്‍ സൈനിക നടപടികള്‍ക്കുള്ള ഭീഷണി ഉയരുന്നതിനിടെയാണ് ഇറാന്റെ മുന്നറിയിപ്പുകള്‍. അതേസമയം, ഖത്തറിന്റെ മധ്യസ്ഥര്‍ തെഹ്റാനിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായിക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കത്ത് ലഭിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ല.