മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനെ വിവാഹം ചെയ്ത് ഒമര്‍ അബ്ദുള്ള; പുതിയ ജീവിതയാത്ര പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ്

മാധ്യമ പ്രവര്‍ത്തക നിധി റസ്ദാനെ വിവാഹം ചെയ്ത് ഒമര്‍ അബ്ദുള്ള; പുതിയ ജീവിതയാത്ര പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ്


ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എന്‍ ഡി ടി വി മുന്‍ അവതാരകയുമായ നിധി റസ്ദാനെ വിവാഹം ചെയ്തു. പുതിയ ജീവിതയാത്ര ആരംഭിച്ച വിവരം ശനിയാഴ്ച സമൂഹമാധ്യമമായ എക്‌സിലൂടെ ഒമര്‍ അബ്ദുള്ളയാണ് പങ്കുവെച്ചത്.

നിധി റസ്ദാനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ചടങ്ങ് നടന്ന സ്ഥലം, പങ്കെടുത്തവര്‍ തുടങ്ങിയ കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ വിവാഹവാര്‍ത്ത രാഷ്ട്രീയ- സാമൂഹിക മേഖലകളിലും ചര്‍ച്ചയായി.

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ നിധി റസ്ദാന് കശ്മീരുമായി ദീര്‍ഘകാല ബന്ധമുണ്ട്. ഒമര്‍ അബ്ദുള്ളയും നിധി റസ്ദാനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. 2024 ഒക്ടോബറില്‍ ശ്രീനഗറില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നിധി പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

ഒമര്‍ അബ്ദുള്ളയും പായല്‍ നാഥും 1994 സെപ്റ്റംബറിലാണ് വിവാഹിതരായത്. 2009ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ദീര്‍ഘകാലമായി തുടര്‍ന്നിരുന്ന വിവാഹമോചന നടപടികള്‍ 2026 ജൂലൈയില്‍ സുപ്രിം കോടതി ഉത്തരവോടെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.