ടെന്നസി: മാരകമായ വിഷമരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വധശിക്ഷാ തടവുകാരി ക്രിസ്റ്റ പൈക്ക് ആദ്യമായി പൊതുവേദിയില്‍ പ്രതികരിച്ചു. ശാരീരികമായും മാനസികമായും കടുത്ത വേദനയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് 50-കാരിയായ പൈക്ക് വ്യക്തമാക്കി. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് അഭിഭാഷകസംഘം വഴി അവര്‍ പ്രസ്താവന പുറത്തുവിട്ടത്.
സെപ്റ്റംബറില്‍ പെന്റോബാര്‍ബിറ്റല്‍ എന്ന മാരക വിഷമരുന്ന് രണ്ട് തവണ കുത്തിവെച്ചിട്ടും പൈക്ക് മരിച്ചിരുന്നില്ല. ഗുരുതരാവസ്ഥയിലായ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ ആശുപത്രി വിട്ട പൈക്കിനെ വീണ്ടും ജയിലിലേക്ക് മാറ്റി.
'ആ രാത്രി മുതല്‍ വേദനയില്ലാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല. ശരീരവും കൈകളും കൈപ്പത്തികളും തൊണ്ടയും വേദനിക്കുന്നു. സംസാരിക്കാന്‍ പോലും ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. വേദന ശാരീരികം മാത്രമല്ല. എന്റെ മനസ്സിലും ആത്മാവിലും വേദനയുണ്ട്,' അഭിഭാഷകസംഘം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പൈക്ക് പറഞ്ഞു.
ആരോഗ്യം ക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
'ഞാന്‍ സുഖം പ്രാപിച്ചുവരികയാണ്. കൂടുതല്‍ കരുത്താര്ജിക്കുന്നുണ്ടെന്നും അറിയാം. എന്നാല്‍ സുഖം പ്രാപിച്ചുവരുന്നു എന്നത് എല്ലാം ശരിയായി എന്നര്‍ഥമല്ല,' പൈക്ക് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ മാരകമായ വിഷമരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തി ക്രിസ്റ്റ പൈക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ നടന്ന വധശിക്ഷാ നടപടിക്കിടെ തന്റെ കൈ പൊട്ടിത്തെറിക്കുമെന്ന തോന്നലുണ്ടാകുന്നതായി അവര്‍ പറയുന്നത് കേട്ടിരുന്നു. പിന്നാലെ ബോധരഹിതയായി.
വധശിക്ഷാ ശ്രമത്തിനുശേഷം പൈക്കിന് ന്യൂമോണിയ ബാധിച്ചതായും കൈകളില്‍ വലിയ തോതില്‍ നീര്‍വീക്കം ഉണ്ടായതായും ഭക്ഷണം പോലും വിഴുങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതായും അഭിഭാഷകര്‍ നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
വധശിക്ഷ നടപ്പാക്കുമെന്ന് കരുതിയ ആ രാത്രിയെക്കുറിച്ചും പൈക്ക് പ്രസ്താവനയില്‍ ഓര്‍ത്തെടുത്തു. ടെന്നസിയിലെ റിവര്‍ബെന്‍ഡ് മാക്സിമം സെക്യൂരിറ്റി ഇന്‍സ്റ്റിറ്റിയൂഷനില്‍ എത്തിയപ്പോള്‍ മനസ്സമാധാനത്തോടെയും മരണത്തെ നേരിടാന്‍ തയ്യാറായുമാണ് കഴിഞ്ഞിരുന്നതെന്ന് അവര്‍ പറഞ്ഞു. അവസാന ദിവസങ്ങളില്‍ പ്രിയപ്പെട്ടവരോട് യാത്രപറയുകയും ചെയ്തിരുന്നു.
വധശിക്ഷാ മുറിയില്‍ സാക്ഷികള്‍ക്കു മുന്നില്‍വെച്ച്, ആത്മീയ ഉപദേഷ്ടാവ് പഠിപ്പിച്ച ബുദ്ധമത പ്രാര്‍ഥനയിലെ വാക്കുകളായ 'സ്നേഹപൂര്‍വമായ കാരുണ്യത്തോടെ' താന്‍ അവരോട് വിടപറയുകയാണെന്നും പൈക്ക് പറഞ്ഞിരുന്നു.
'ആ രാത്രിക്കപ്പുറം ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല,' അവര്‍ പറഞ്ഞു. ഇത്രയധികം ആളുകളെ ഈ ദുരവസ്ഥയിലേക്കെത്തിച്ച ഗുരുതരമായ വീഴ്ചയില്‍ തനിക്ക് കടുത്ത വേദനയുണ്ടെന്നും പൈക്ക് വ്യക്തമാക്കി.
1995-ല്‍ സഹപാഠിയായ കോളിന് സ്ലെമ്മറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. അന്നത്തെ കാമുകനായ ടഡാരില് ഷിപ്പിനൊപ്പമായിരുന്നു കുറ്റകൃത്യം നടത്തിയത്. കൊലപാതകം നടക്കുമ്പോള്‍ പൈക്കിന് 18 വയസ്സായിരുന്നു. ഇതോടെ ടെന്നസിയിലെ വധശിക്ഷാ തടവുകാരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീകളില്‍ ഒരാളായി അവര്‍ മാറി.
