ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പരിഷ്കരണ നടപടികൾക്കെതിരേയുള്ള ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയെന്ന് കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ, പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും തുടർ അപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകൻ ജി പ്രകാശ് വാദിച്ചു. തുടർന്ന് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ ഒരു തുടർപ്രക്രിയയാണെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും പുതിയ പേരുകൾ ചേർക്കുന്നതിനുമുള്ള നടപടികൾ ഇപ്പോഴും തുടരുന്നതിനാൽ, സമയപരിധി നീട്ടേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിശ്ചിത സമയപരിധിക്കുള്ളിൽ വിവരശേഖരണ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്ത വ്യക്തികളുടെ വിവരങ്ങൾ സമർപ്പിക്കാൻ ഹർജിക്കാർക്ക് അനുമതി നൽകി. വാദം കേൾക്കുന്നതിനിടെ, സമയം കുറവായതിനാൽ പലർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ സമയപരിധി നീട്ടി നൽകണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണിത്. ഇതിനോട് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, പട്ടികയിൽ ഉൾപ്പെടാതെ പോയ വ്യക്തികളെ കണ്ടെത്തി, അവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ ഹർജിക്കാരോട് നിർദേശിച്ചു.
"ഇനിയും അവസരം ലഭിക്കേണ്ടവരായി ആരെങ്കിലും ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തുക. അക്കാര്യം ഒരു നിവേദനത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തുക. ഇത് പരിശോധിക്കാൻ ഞങ്ങൾ അവരോട് നിർദേശിക്കാം, അതുവരെ ഈ വിഷയം പരിഗണനയിലുണ്ടാകും" ചീഫ് ജസ്റ്റിസ് പറഞ്ഞു.
വെള്ളിയാഴ്ചയോടെ പരിശോധനാ നടപടികൾ അവസാനിക്കാനിരിക്കുകയാണെന്നും അത് നീട്ടാൻ സാധിക്കുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, നടപടികൾ തുടരുന്നതിനാൽ സമയപരിധി നീട്ടേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. "ഇതൊരു തുടർച്ചയായ പ്രക്രിയയായതിനാൽ സമയം നീട്ടേണ്ടതില്ലെ"ന്നും അദ്ദേഹം നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു, നടപടികൾ പൂർത്തിയായെന്നും എന്നാൽ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് നിശ്ചിത നടപടിക്രമങ്ങളിലൂടെ അധികൃതരെ സമീപിക്കാമെന്നും അറിയിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ ഫോമുകൾ സമർപ്പിക്കാൻ കഴിയാത്ത വ്യക്തികളുടെ വിവരങ്ങൾ ഹർജിക്കാർക്ക് സമർപ്പിക്കാമെന്ന് ബെഞ്ച് രേഖപ്പെടുത്തി. ഈ പരാതികൾ പരിശോധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കുകയും ചെ്തു. വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തുവെന്ന ആരോപണങ്ങളിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നാലാഴ്ചത്തെ സമയവും അനുവദിച്ചു. ഇത്തരം പരാതികൾ പരിശോധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചു. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കുന്ന വോട്ടർ പട്ടികകളുടെ 'എസ്.ഐ.ആർ' നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി പരിഗണിച്ചുവരികയാണ്.
കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പൂര്ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ നിലനിർത്തും
