ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ജോഷിമഠ് മേഖലയിൽ ചായെൻ ഗ്രാമത്തിനടുത്ത് യാത്രക്കാരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തില് ആറ് പേരും മരിച്ചു. ബദരിനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ടത്. പൈലറ്റ് ഉൾപ്പെടെ ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ചമോലി സൂപ്രണ്ട് ഓഫ് പൊലീസ് സുർജീത് സിങ് പൻവാർ ആണ് ആറ് പേരും മരിച്ചതായി സ്ഥിരീകരിച്ചത്.
ട്രാൻസ് ഭാരത് ഏവിയേഷൻ്റെ ഹെലികോപ്റ്റർ ബദരിനാഥ് ധാമിൽ നിന്ന് ഉച്ചയ്ക്ക് 1.14 നാണ് പുറപ്പെട്ടത്. ഡെറാഡൂണിലെ സഹസ്രധാര ഹെലിപാഡിലേക്കായിരുന്നു യാത്ര. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ ഹാത്തി പർവതത്തിന് സമീപം പറക്കുന്നതിനിടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതിന് പിന്നാലെ ഹെലികോപ്റ്ററിൻ്റെ ട്രാക്കിങ് സംവിധാനവും ലൊക്കേഷൻ അയയ്ക്കുന്നത് നിർത്തി. ഇതോടെയാണ് അപകടം സംഭവിച്ചതായി അധികൃതർക്ക് സംശയം തോന്നിയത്.
ചമോലി ജില്ലാ ഭരണകൂടം പറയുന്നത് പ്രകാരം ജോഷിമഠ് മേഖലയിൽ മാർവാരി പാലത്തിന് മുകളിലായി ജെപി പവർ ഹൗസിന് സമീപമുള്ള കുന്നിൻ ചെരുവിലാണ് ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയത്. അപകട വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെൻ്റ് അതോറിറ്റി സിഇഒ പ്രതീക് ജെയിൻ അറിയിച്ചു. പൊലീസ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
ജോഷിമഠ് സബ് ഇൻസ്പെക്ടർ മനോഹർ കന്യാലിൻ്റെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഉച്ചയ്ക്ക് 2.21 നാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ചായെൻ ഗ്രാമത്തിനടുത്ത് ഹെലികോപ്റ്റർ തകർന്നുവീണെന്ന വിവരം ലഭിച്ചത്. ജില്ലാ മജിസ്ട്രേറ്റിനെ ആദ്യം വിവരം അറിയിച്ചത് ഇന്ത്യൻ ആർമിയാണ് എന്ന് ചമോലി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിവേക് പ്രകാശ് പറഞ്ഞു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ വകുപ്പ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, ആർമി, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് എന്നിവർ ചേർന്ന് സംയുക്ത തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. ദുർഘടമായ മലമ്പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്താൻ ഏറെ ബുദ്ധിമുട്ട് നേരിട്ടു.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു, യാത്രക്കാരായ പ്രതാപ, അരുൺ, ശങ്കർ, സുധീർ, നാഗരാജ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാലാവസ്ഥയോ സാങ്കേതിക തകരാറോ ആണ് അപകടത്തിന് കാരണമായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ചായെൻ ഗ്രാമത്തിനടുത്ത് ഹെലികോപ്റ്റർ തകർന്നുവീണെന്ന ദുഃഖകരമായ വാർത്ത ലഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എക്സിൽ കുറിച്ചു. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ വകുപ്പും എസ്ഡിആർഎഫും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവവികാസങ്ങൾ താൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ഗുരുതരമായി പരിക്കേറ്റവരെ ഉടൻ എയർലിഫ്റ്റ് ചെയ്ത് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഉന്നത കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു. യാത്രക്കാർ സുരക്ഷിതരായി തിരിച്ചെത്താൻ ദൈവത്തോട് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് എല്ലാവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
മുൻകരുതൽ നടപടിയായി അപകടത്തെ തുടർന്ന് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ എല്ലാ ഹെലികോപ്റ്റർ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ഉത്തരാഖണ്ഡിൽ ചാർധാം യാത്രയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ സർവീസുകൾക്ക് വലിയ തിരക്കുള്ള സമയത്ത് ഉണ്ടായ ഈ അപകടം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലും ഈ മേഖലയിൽ ഹെലികോപ്റ്റർ അപകടങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ആവശ്യവും വീണ്ടും ശക്തമായിട്ടുണ്ട്.
ഉത്തരാഖണ്ഡ് ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് അടക്കം ആറു പേര്ക്ക് ദാരുണാന്ത്യം
