ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി

ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി


കൊച്ചി: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വാസമറിയിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിൽ സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, പ്രതിയായ കൗമാരക്കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും സ്ഥലത്തെത്തിയതിന് സിസി ടിവി ദൃശ്യങ്ങൾ തെളിവാണെന്ന് കുടുംബം ചൂണ്ടിക്കാട്ടി. 

ഉച്ചയോടെയാണ് മുഖ്യമന്ത്രി ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തങ്ങളുടെ ആവശ്യം അടങ്ങുന്ന നിവേദനം ജയബാലകൃഷ്ണന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും, ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉറപ്പു നല്‍കി. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന കാര്യം സര്‍ക്കാരിന്റെ കയ്യില്‍ നില്‍ക്കുന്നതല്ല. അതൊക്കെ ജുഡീഷ്യറിയാണ് തീരുമാനിക്കേണ്ടത് എന്നും ഭദ്രകീര്‍ത്തി വ്യക്തമാക്കി.അതേസമയം, അഭിഭാഷക മാറ്റവുമായി ബന്ധപ്പെട്ട് തനിക്കുമേൽ യാതൊരുവിധ ഭീഷണിയുമുണ്ടായിട്ടില്ലെന്നും അഡ്വ. ശ്രീജിത്ത് തന്നെ കേസിൽ അഭിഭാഷകനായി തുടരുമെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി വ്യക്തമാക്കി.

അതിനിടെ, പ്രതിയായ 17-കാരന്റെ ഫോണിൽ നിന്ന് ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഇവ വീണ്ടെടുക്കാൻ പോലീസ് ഫോൺ വിദഗ്ധ പരിശോധനയ്ക്കയച്ചു. അപകടസമയത്ത് വാഹനം മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഫോണിലുണ്ടെന്നാണ് പോലീസ് നിഗമനം. മൈനറായ മകന് വാഹനം നൽകിയതിന് ആർ.സി. ഉടമയായ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം (സെക്ഷൻ 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന നിലപാടിൽ ചോദ്യം ചെയ്യലിലും ജഡ്ജി ഉറച്ചുനിന്നെങ്കിലും, പ്രായപൂർത്തിയാകാത്ത മകൻ 208 കിലോമീറ്റർ വേഗതയിൽ കാറോടിക്കുന്ന മുൻകാല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണെന്ന് കുടുംബം ആരോപിക്കുന്നു. ഈ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് ജഡ്ജിയുടെ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.