തൃശൂര്‍: സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ പ്രായം ഉറപ്പുവരുത്താൻ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി എം. ലിജു. കേരളത്തിൽ മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 23 വയസ്സാണ്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ബാർ ലൈസൻസുകാരുടെ പൂർണ ഉത്തരവാദിത്തമാണെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നെടുമ്പാശ്ശേരിയിൽ അടുത്തിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നടപടി. പ്രായപൂർത്തിയാകാത്തവർക്കും നിശ്ചിത പ്രായപരിധിയിൽ താഴെയുള്ളവർക്കും ബാറുകളിൽ നിന്ന് മദ്യം ലഭിക്കുന്നത് തടയുന്നതിൽ ഉണ്ടായ വീഴ്ചയാണ് അത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലും സർക്കാർ ഇക്കാര്യത്തിലുള്ള തങ്ങളുടെ കർശന നിലപാട് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
"പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് മദ്യം കൊടുക്കുക, അത് കഴിച്ച് അപകടമുണ്ടാക്കുക. എന്നിട്ട് ഒരു കുടുംബം തന്നെ ആനാഥമാകുന്ന സ്ഥിതിയുണ്ടാകുന്നു. ബാറുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഒരാള്‍ ബാറിലെത്തിയാല്‍ വയസിൻ്റെ കാര്യത്തില്‍ സംശയം തോന്നിയാല്‍ തീര്‍ച്ചയായും ഐഡൻ്റിറ്റി പരിശോധിക്കണം. ആധാര്‍ ഉള്‍പ്പെടെ പരിശോധിക്കാൻ ബാര്‍ അധികൃതര്‍ നിര്‍ബന്ധമായും തയ്യാറാകണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും" മന്ത്രി പ്രതികരിച്ചു. അതേസമയം, എല്ലാവരുടെയും ആധാര്‍ പരിശോധിക്കേണ്ടതില്ലെന്നും സംശയം തോന്നുന്നവരുടെ ഐഡിൻ്റിറ്റി മാത്രം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു.
നവംബറിൽ പുതിയ എക്സൈസ് നയം
സംസ്ഥാന സർക്കാരിൻ്റെ പുതിയ എക്സൈസ് നയം വരുന്ന നവംബറിൽ പ്രഖ്യാപിക്കും. യുഡിഎഫ് സർക്കാരിൻ്റെ മദ്യനയം മുൻ എൽഡിഎഫ് സർക്കാരിൻ്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ലഹരി ഉപയോഗം കുറയ്ക്കാനും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള വ്യവസ്ഥകൾ പുതിയ നയത്തിലുണ്ടാകുമെന്നാണ് സൂചന.
ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തണമെന്ന കർശന തീരുമാനത്തിലേക്ക് എക്സൈസ് വകുപ്പ് എത്തിയതിന് പിന്നിൽ നെടുമ്പാശ്ശേരിയിലുണ്ടായ ദാരുണമായ ഒരു വാഹനാപകടമാണ്. കേരളത്തിലെ അബ്കാരി നിയമപ്രകാരം മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്. എന്നാൽ ഈ നിയമം ബാറുകൾ പലപ്പോഴും കൃത്യമായി പാലിക്കുന്നില്ലെന്ന പരസ്യമായ വീഴ്ചയാണ് മൂന്ന് യുവജീവനുകൾ പൊലിഞ്ഞ അപകടത്തിലൂടെ പുറത്തുവന്നത്.
തീരുമാനത്തിലേക്ക് നയിച്ച ആ ദാരുണ സംഭവം
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിതവേഗതയിലെത്തിയ ഒരു ലക്ഷ്വറി മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് ദേവിക (21), ഗോപിക (22), ഇയാസ് (21) എന്നീ മൂന്ന് വിദ്യാർഥികൾ തൽക്ഷണം മരിച്ചിരുന്നു. ഈ അപകടമുണ്ടാക്കിയ മിനികൂപ്പർ ഓടിച്ചിരുന്നത് വെറും 19 വയസ്സ് മാത്രം പ്രായമുള്ള സുഹൈൽ സജീവ് എന്ന കോളേജ് വിദ്യാർഥിയായിരുന്നു.
നിയമപ്രകാരം 23 വയസ്സ് തികയാത്ത ഈ 19-കാരന് കൊച്ചിയിലെ മൂന്ന് പ്രമുഖ ബാർ ഹോട്ടലുകൾ (കടവന്ത്രയിലെ ദയ, പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരിയിലെ കോർട്യാർഡ് ബൈ മാരിയറ്റ്) നിയമവിരുദ്ധമായി മദ്യം വിളമ്പിയതായി എക്സൈസ് വകുപ്പ് കണ്ടെത്തി. ശനിയാഴ്ച രാത്രി 9.30 മുതൽ പുലർച്ചെ 1.30 വരെയുള്ള സമയത്തിനിടയിലാണ് ഈ മൂന്ന് ബാറുകളിൽ നിന്നുമായി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യം കഴിച്ചതെന്ന് എക്സൈസ് സ്ഥിരീകരിച്ചു. തുടർന്ന് മദ്യലഹരിയിൽ അമിതവേഗതയിൽ (മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയിൽ) വണ്ടിയോടിച്ചതാണ് ദാരുണമായ അപകടത്തിന് കാരണമായത്.
കർശന നടപടി
ഈ സംഭവത്തിന് പിന്നാലെ എക്സൈസ് മന്ത്രി എം. ലിജുവിൻ്റെ നിർദ്ദേശപ്രകാരം നിയമം ലംഘിച്ച മൂന്ന് ബാറുകൾക്കുമെതിരെ അബ്കാരി നിയമത്തിലെ സെക്ഷൻ 15B പ്രകാരം കേസെടുക്കുകയും അവയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇനിമേൽ ഒരു ബാറിലും പ്രായം പരിശോധിക്കാതെ ആർക്കും മദ്യം നൽകില്ലെന്ന് ഉറപ്പാക്കാനാണ് 'ആധാർ പരിശോധന' നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകിയാൽ ബാറിൻ്റെ ലൈസൻസ് അപ്പോൾ തന്നെ റദ്ദാക്കുമെന്നുമുള്ള കര്‍ശന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കുന്നത്.
ബാറുകളിൽ സംശയം തോന്നുന്നവരുടെ ആധാർ നിർബന്ധമായി പരിശോധിക്കും; പ്രായപരിധി ലംഘിച്ചാൽ ലൈസൻസ് "തെറിക്കും"
