ബീജിംഗ്: ചൈനയുടെ നാലാമത്തെ വിമാനവാഹിനിക്കപ്പല്‍ 2027-ല്‍ നീറ്റിലിറക്കിയേക്കുമെന്ന് സൂചന. രാജ്യത്തിന്റെ ആദ്യ ആണവോര്‍ജ വിമാനവാഹിനിക്കപ്പലായിരിക്കുമെന്ന് കരുതപ്പെടുന്ന കപ്പലിന്റെ നിര്‍മാണ പുരോഗതി വ്യക്തമാക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ഈ വിലയിരുത്തലിന് ആധാരം. അമേരിക്കന്‍ ഗവേഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തീരപ്രദേശങ്ങള്‍ക്ക് അപ്പുറത്തേക്കും നാവിക- വ്യോമ സൈനികശക്തി വിന്യസിക്കാന്‍ ശേഷിയുള്ള കപ്പല്‍പ്പട വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ നീക്കം. 2027 ഓഗസ്റ്റ് ഒന്നിന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ, അതേ വര്‍ഷം കപ്പല്‍ നീറ്റിലിറക്കുന്നത് സൈനിക പ്രാധാന്യമുള്ള സംഭവമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുന്‍കാലങ്ങളിലും പ്രധാന സൈനിക വാര്‍ഷികങ്ങള്‍ സൈനികശേഷി പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി ബീജിംഗ് ഉപയോഗിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി എസ് ഐ എസ്) ഒക്ടോബര്‍ 27-ന് പുറത്തുവിട്ട പുതുക്കിയ വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ടൈപ്പ് 004 എന്ന് പൊതുവെ അറിയപ്പെടുന്ന കപ്പലിന്റെ നിര്‍മാണം 2021 മേയില്‍ ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ ഫുജിയാന്റെ നിര്‍മാണം എത്തിയ ഘട്ടത്തിന് സമാനമാണ്.
ഫുജിയാന്‍ ഏകദേശം ഒരു വര്‍ഷത്തിനുശേഷം, 2022 ജൂണിലാണ് നീറ്റിലിറക്കിയത്. എന്നാല്‍ ടൈപ്പ് 004-ന്റെ വലുപ്പം കൂടുതലായിരിക്കാമെന്നും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണമായ പ്രൊപ്പല്‍ഷന്‍ സംവിധാനം ഉള്‍പ്പെടെയുള്ള സാങ്കേതിക ഘടകങ്ങള്‍ നിര്‍മാണ സമയക്രമത്തെ ബാധിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കപ്പലിന്റെ നിര്‍മാണ സമയക്രമം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടില്ല.
വടക്കുകിഴക്കന്‍ ചൈനയിലെ ഡാലിയന്‍ കപ്പല്‍ശാലയിലെ ഡ്രൈ ഡോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനങ്ങള്‍ പറന്നുയരുന്നതിനുള്ള ഫ്‌ളൈറ്റ് ഡെക്കും കപ്പലിന്റെ മുകള്‍ഭാഗത്തെ കമാന്‍ഡ് സംവിധാനമായ ഐലന്‍ഡ് സൂപ്പര്‍സ്ട്രക്ചറും നിലവില്‍ ചിത്രങ്ങളില്‍ കാണാനില്ല.
അതേസമയം, കപ്പല്‍ നീറ്റിലിറക്കുന്നത് ഉടന്‍ സൈനിക സേവനത്തിന് സജ്ജമാകുമെന്നര്‍ഥമില്ല. ഫുജിയാന്‍ നീറ്റിലിറക്കി മൂന്ന് വര്‍ഷത്തിലേറെ കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഔദ്യോഗികമായി സൈനിക സേവനത്തില്‍ പ്രവേശിപ്പിച്ചത്.
നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ പുറംചട്ടയ്ക്ക് ഏകദേശം 322 മീറ്റര്‍ നീളവും 46 മീറ്റര്‍ വീതിയുമുണ്ടെന്നാണ് സി എസ് ഐ എസ് കണക്കാക്കുന്നത്. എന്നാല്‍ അന്തിമ അളവുകള്‍ സംബന്ധിച്ച് വ്യക്തതയില്ല. മറ്റൊരു ഉപഗ്രഹചിത്ര വിശകലന വിദഗ്ധന്‍ കപ്പലിന്റെ നിലവിലെ നീളം ഏകദേശം 327 മീറ്ററാണെന്നും പൂര്‍ത്തിയാകുമ്പോള്‍ 339 മീറ്ററിലെത്താമെന്നും വിലയിരുത്തുന്നു. ഇത് അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളുടേതിന് സമാനമായ വലുപ്പമാണ്.
ഡാലിയന്‍ കപ്പല്‍ശാലയിലെ നിര്‍മാണത്തിന്റെ വേഗവും വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ അടുത്ത വര്‍ഷം തന്നെ കപ്പല്‍ നീറ്റിലിറക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമായതായി വിരമിച്ച അമേരിക്കന്‍ നാവികസേനാ ക്യാപ്റ്റനും മുന്‍ യു എസ് പസഫിക് ഫ്‌ളീറ്റ് ഇന്റലിജന്‍സ് മേധാവിയുമായ ജിം ഫാനല്‍ പറഞ്ഞു.
റാന്‍ഡ് കോര്‍പ്പറേഷനിലെ മുതിര്‍ന്ന നയഗവേഷകനായ ബ്രാഡ്ലി മാര്‍ട്ടിനും 2027-ല്‍ നീറ്റിലിറക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. നാവിക ആണവോര്‍ജ സാങ്കേതികവിദ്യയില്‍ ചൈനയ്ക്കുള്ള അനുഭവസമ്പത്ത് ഇതിന് സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആണവ പ്രൊപ്പല്‍ഷന്‍ സംവിധാനം കപ്പലില്‍ സംയോജിപ്പിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടാല്‍ നീറ്റിലിറക്കിയശേഷം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ടൈപ്പ് 004-ല്‍ വൈദ്യുതകാന്തിക വിമാനം വിക്ഷേപണ സംവിധാനവും (ഇലക്ട്രോമാഗ്‌നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം) ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങളെ കുറഞ്ഞ ദൂരത്തില്‍നിന്ന് കൂടുതല്‍ കാര്യക്ഷമമായി വിക്ഷേപിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്.
2035-ഓടെ ആറ് വിമാനവാഹിനിക്കപ്പലുകള്‍ കൂടി നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് 2025-ലെ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ചൈനയുടെ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം ഒമ്പതായി ഉയരും.
രണ്ട് വ്യത്യസ്ത കപ്പല്‍ശാലകളില്‍ ഒരേസമയം വലിയ വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മിക്കാനുള്ള ശേഷി ചൈനയ്ക്കുണ്ടെന്ന് ഡാലിയനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നതായി ജിം ഫാനല്‍ പറഞ്ഞു. എന്നാല്‍ 2035-ഓടെ ആറ് കപ്പലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതാണ് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള ലക്ഷ്യമെന്നും അദ്ദേഹം വിലയിരുത്തി.
ഫുജിയാന്‍ നിര്‍മിച്ച ജിയാങ്‌നാന്‍ കപ്പല്‍ശാലയിലും ഡാലിയന്‍ കപ്പല്‍ശാലയിലും ഒരേസമയം വിമാനവാഹിനിക്കപ്പലുകളുടെ നിര്‍മാണം നടത്താന്‍ ചൈനയ്ക്ക് കഴിയുമെന്ന് ബ്രയാന്‍ ഹാര്‍ട്ടും അഭിപ്രായപ്പെട്ടു.
ഒമ്പത് വിമാനവാഹിനിക്കപ്പലുകളുള്ള നാവികസേന ചൈനയ്ക്ക് യാഥാര്‍ഥ്യമാക്കാനാകുമെന്നും പടിഞ്ഞാറന്‍ പസഫിക് മേഖലയ്ക്ക് പുറത്തേക്കും നാവിക സൈനിക നീക്കങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും യു എസ് നേവല്‍ വാര്‍ കോളജിലെ ജെയിംസ് ആര്‍ ഹോംസ് സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു.
എന്നാല്‍ ചൈനീസ് വിമാനവാഹിനിക്കപ്പലുകള്‍ക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളെ അപേക്ഷിച്ച് കുറച്ച് വിമാന സര്‍വീസുകള്‍ മാത്രമേ നടത്താനാകൂവെന്നും കടുത്ത സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന സമുദ്ര മേഖലകളില്‍ അവയ്ക്ക് ഭീഷണികള്‍ നേരിടേണ്ടിവരുമെന്നും ബ്രാഡ്ലി മാര്‍ട്ടിന്‍ വിലയിരുത്തി. എന്നിരുന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതിനും നാവികശക്തി പ്രയോഗിക്കുന്നതിനും ചൈനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
