മഴ കനത്തു; ഗ്യാനേഷ് കുമാറിനെതിരായ ജനകീയ ഇംപീച്ച്‌മെന്റ് ഇന്ത്യാസഖ്യം മാറ്റി

മഴ കനത്തു; ഗ്യാനേഷ് കുമാറിനെതിരായ ജനകീയ ഇംപീച്ച്‌മെന്റ് ഇന്ത്യാസഖ്യം മാറ്റി


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി പ്രഖ്യാപിച്ച 'ജനകീയ ഇംപീച്ച്മെന്റ്' പ്രതിഷേധം കനത്ത മഴയെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് മാറ്റിവെച്ചു. വെള്ളിയാഴ്ച (ഒക്ടോബര്‍ 30) നടത്താനിരുന്ന പ്രതിഷേധം ശനിയാഴ്ച (ഒക്ടോബര്‍ 31) അതേ സമയത്തേക്ക് മാറ്റിയതായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് നാലിനായിരുന്നു പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. മുതിര്‍ന്ന നേതാക്കളുടെ സൗകര്യം പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കാന്‍ കൂട്ടായ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞു.

മഴയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഏറെ നേരം ഇരിക്കേണ്ടിവരുന്നത് പ്രയാസകരമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാണ് വെള്ളിയാഴ്ചത്തെ പരിപാടി ശനിയാഴ്ച അതേ സമയത്തേക്ക് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നവംബര്‍ ഒന്നിന് രാംലീല മൈതാനിയിലേക്ക് ഇന്ത്യാ മുന്നണി നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കുചേരണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷനിലെ നേതൃത്വവും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് ഇരു പ്രതിഷേധ പരിപാടികളുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് എത്തുന്നവരെ തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലെത്തുന്നവരെ തടയാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പരമാവധി ശ്രമിക്കുകയാണെന്നും രാംലീല മൈതാനിയിലെ ജനപങ്കാളിത്തം ഇത്തരം നിയന്ത്രണങ്ങളെ എത്രപേര്‍ മറികടന്നെത്തിയെന്നതിന്റെ തെളിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടിയായ എസ് ഐ ആര്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വോട്ടര്‍പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിലൂടെ വ്യവസായികളായ ഗൗതം അദാനിക്കും മുകേഷ് അംബാനിക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടന സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം ഒറ്റക്കെട്ടായാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറക് ഒബ്രിയാനും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ളവര്‍ക്കും പ്രതിഷേധത്തില്‍ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

സിവില്‍ സമൂഹത്തിലെ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പ്രതിഷേധത്തിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.