ടെഹ്‌റാന്: ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാന്‍ നേതൃത്വത്തിന് കത്തയച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് കത്തയച്ചതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ ഒഴിവാക്കി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുകയാണ് നീക്കത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.
വ്യാഴാഴ്ച ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികളായ തസ്‌നീം, ഫാര്‍സ് എന്നിവയാണ് അമേരിക്കയുടെ കത്ത് ടെഹ്‌റാന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇറാന്‍ ഇതുവരെ കത്തിന് മറുപടി നല്‍കിയിട്ടില്ല. ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായിക്കാണ് വാന്‍സ് കത്തയച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അമേരിക്കയുടെ നീക്കത്തോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകളും അംഗീകരിക്കണമെന്ന നിലപാടില്‍ ടെഹ്‌റാന്‍ ഉറച്ചുനില്‍ക്കുകയാണ്. അമേരിക്കയുടെ 'പ്രലോഭനവും സമ്മര്‍ദവും' ചേര്‍ന്ന തന്ത്രം ഇറാന്റെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് വ്യക്തമാക്കി.
ഇറാന്റെ ഏഴ് നിബന്ധനകളും മധ്യസ്ഥര്‍ മുഖേന അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും അവ അംഗീകരിക്കുന്നതുവരെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകില്ലെന്നും ഖാലിബാഫ് എക്‌സില്‍ കുറിച്ചു. അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ വഴങ്ങി നിലപാട് മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ വീണ്ടും സൈനിക സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നയതന്ത്ര നീക്കം. വാന്‍സിന്റെ കത്തിലൂടെ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയുമോ എന്നതും ഇറാന്റെ ഏഴ് നിബന്ധനകളോട് വാഷിങ്ടണ്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതുമാണ് ഇനി നിര്‍ണായകം.
ഇറാനുമായി സമാധാന ചര്‍ച്ചയ്ക്ക് വാന്‍സിന്റെ കത്ത്; ഏഴ് നിബന്ധനകളില്‍ ഉറച്ച് ടെഹ്‌റാന്
