നോഹയുടെ പേടകം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന അരാരത്ത് പർവതത്തിൽ മറ്റൊരു കണ്ടെത്തൽ കൂടി നടത്തിയതായി ഗവേഷകർ

നോഹയുടെ പേടകം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന അരാരത്ത് പർവതത്തിൽ മറ്റൊരു കണ്ടെത്തൽ കൂടി നടത്തിയതായി ഗവേഷകർ


തുർക്കിയിലെ അരാരത്ത് പർവ്വതത്തിന് സമീപമുള്ള 'ദുറുപിനാർ ഫോർമേഷൻ' (Durupınar Formation) എന്ന ഘടനയെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക സംഘം, അതിനടിയിൽ കരിഞ്ഞ മരക്കഷ്ണങ്ങൾ കണ്ടെത്തി. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 'നോഹാസ് ആർക്ക് സ്കാൻസ്' (Noah's Ark Scans) എന്ന അന്താരാഷ്ട്ര ഗവേഷണ സംഘടനയുടെ നേതൃത്വത്തിൽ ഭൂമിക്കടിയിലേക്ക് നടത്തിയ ഡ്രില്ലിങ്ങിലാണ് ഈ പുതിയ കണ്ടെത്തൽ. 515 അടി നീളമുള്ള ഈ ഘടനയ്ക്കുള്ളിലേക്ക് അവർ ഒരു ഡ്രോണും അയച്ചിരുന്നു. അതിനുശേഷം തങ്ങൾ നിരവധി കണ്ടെത്തലുകൾ നടത്തിയതായി ഈ സംഘത്തിന്റെ സ്ഥാപകനായ ആൻഡ്രൂ ജോൺസ് അവകാശപ്പെടുന്നു.

ദുറുപിനാർ പ്രദേശത്തെ കപ്പലിന്റെ ആകൃതിയുള്ള ഘടനയിൽ ഏകദേശം 30 അടി (9 മീറ്റർ) താഴ്ചയിലാണ് കരിഞ്ഞതും അല്ലാത്തതുമായ ഈ മരക്കഷണങ്ങൾ കണ്ടെത്തിയത്. പേടകം വെള്ളം കയറാത്ത രീതിയിൽ സംരക്ഷിക്കാൻ പിച്ച് (Pitch/കീൽ) പുരട്ടാൻ ദൈവ നിർദ്ദേശമുണ്ടായിരുന്നതായി ബൈബിളിൽ പറയുന്നുണ്ട്. ഇത് എളുപ്പത്തിൽ തീപിടിക്കുന്ന ഒന്നായതിനാൽ, മുൻപ് എപ്പോഴെങ്കിലും ഉണ്ടായ തീപിടുത്തത്തിൽ കരിഞ്ഞുപോയ പേടകത്തിന്റെ അവശിഷ്ടങ്ങളാകാം ഇതെന്നാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം. എങ്കിലും പിൽക്കാലത്ത് ഇവിടെ അഭയം പ്രാപിച്ച ഇടയന്മാർ കൂട്ടിയ തീയോ, ഇടിമിന്നലോ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനമോ ആകാം ഇതിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നു. 

മരം കരിഞ്ഞത് അതിനെ കേടുകൂടാതെ സംരക്ഷിക്കാൻ സഹായിച്ചുവെന്ന് പറഞ്ഞ ജോൺസ്, ഈ മരങ്ങൾ കരിയാനുണ്ടായേക്കാവുന്ന ചില കാരണങ്ങളും ചൂണ്ടിക്കാട്ടി. 1948-ൽ ഈ ഘടന ആദ്യമായി കണ്ടെത്തിയ വ്യക്തിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "നൂറ്റാണ്ടുകൾക്ക് മുമ്പ്, ആട്ടിടയന്മാരിലൊരാൾ പേടകത്തെ അഭയസ്ഥാനമായി ഉപയോഗിച്ചപ്പോൾ, അറിയാതെ അവിടെ ഒരു തീ കൂട്ടിയതാകാം ഇതിന് കാരണം."

മിന്നലോ അഗ്നിപർവ്വത സ്ഫോടനമോ കാരണം ഇത് കരിഞ്ഞുപോയതാകാനും സാധ്യതയുണ്ടെന്ന് ജോൺസ് പറഞ്ഞു. 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ മരം നോഹയുടെ പേടകത്തിന്റേതാണെന്നാണ് ജോൺസ് വിശ്വസിക്കുന്നത്. പേടകത്തിൽ 'പിച്ച്' പുരട്ടാൻ നോഹയോട് നിർദ്ദേശിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെള്ളം കയറാത്ത രീതിയിൽ പേടകത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഈ പദാർത്ഥം എളുപ്പത്തിൽ തീപിടിക്കുന്നതുമാണ്. ഇതിനെത്തുടർന്ന് എപ്പോഴെങ്കിലും പേടകത്തിന് തീപിടിച്ചിരിക്കാം, ഇതായിരിക്കാം മരം കരിഞ്ഞുപോകാൻ കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ദുരുപിനാർ ഫോർമേഷനിൽ നടത്തിയതായി അവകാശപ്പെടുന്ന ഏറ്റവും പുതിയ കണ്ടെത്തലാണിത്. ഈ ഘടന മനുഷ്യനിർമ്മിതമാണെന്ന് സെപ്റ്റംബറിൽ തങ്ങൾ "നൂറു ശതമാനവും ഉറപ്പിച്ചു" എന്ന് ഗവേഷക സംഘം അറിയിച്ചു. സെപ്റ്റംബറിൽ ഈ ഘടനയിലേക്ക് ഡ്രില്ലിംഗ് നടത്തിയപ്പോൾ, ജീർണ്ണിച്ച മരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഖനനത്തിനായി ഉപയോഗിച്ച ഡ്രില്ലിംഗ് മെഷീൻ, ഉള്ളിൽ ആഴത്തിൽ എന്തോ ഒന്നിൽ തട്ടി തകരാറിലായി. ഇത് ഫോസിൽ രൂപത്തിലായ മരക്കഷ്ണങ്ങൾ ആകാം എന്നാണ് സംഘം കരുതുന്നത്. ദുരുപിനാർ എന്നത് പ്രകൃതിദത്തമായ ഒരു ശിലാഘടനയല്ലെന്ന് തങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ജോൺസ് പറഞ്ഞു. പ്രാഥമിക റഡാർ വിവരങ്ങളിൽ, "ഏകതാനമായ ഒരു ഖര ശിലാഘടനയുടെ" ലക്ഷണങ്ങൾ കാണപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുമുമ്പ്, ഒരു 'ഗോഫർ ഡ്രോൺ' ഈ ഘടനയിലെ ഒരു ദ്വാരത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സംഘം പങ്കുവെച്ചിരുന്നു. "റഡാർ സ്കാനുകൾ കൃത്യമായി സൂചിപ്പിച്ചതുപോലെ, അവിടെ പാറകളോ അടിസ്ഥാന ശിലകളോ കണ്ടെത്തിയില്ല," എന്ന് സംഘം 'എക്സ്'  പ്ലാറ്റ്‌ഫോമിൽ കുറിച്ചു. "ആദ്യ കാഴ്ച: നോഹയുടെ പേടകത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ," എന്ന് വീഡിയോയ്‌ക്കൊപ്പം അവർ എഴുതി.

നിലവിൽ കണ്ടെത്തിയ മരക്കഷണങ്ങളും മണ്ണും കൂടുതൽ ലബോറട്ടറി പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. കാർബൺ ഡേറ്റിങ് (Radiocarbon dating) ഉൾപ്പെടെയുള്ള പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ മാത്രമേ ഈ മരത്തിന് എത്ര വർഷത്തെ പഴക്കമുണ്ടെന്നും ഇത് നോഹയുടെ പേടകത്തിന്റേതാണോ എന്നും കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കൂ