വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവും മിനസോട്ടയില്‍ നിന്നുള്ള ഡെമോക്രാറ്റിക് നേതാവുമായ ഇല്‍ഹാന്‍ ഒമറിനെതിരായ ഫെഡറല്‍ അന്വേഷണം വീണ്ടും സജീവമാക്കി ട്രംപ് ഭരണകൂടം. 2009ല്‍ സ്വന്തം സഹോദരനാണെന്ന് സംശയിക്കുന്ന വ്യക്തിക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി വ്യാജവിവാഹം നടത്തിയെന്ന ആരോപണമാണ് അന്വേഷണത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. നിലവിലെയും മുന്‍കാലത്തെയും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2016ല്‍ ബറാക് ഒബാമയുടെ ഭരണകാലത്ത് എഫ്ബിഐയും ആഭ്യന്തര സുരക്ഷാ വകുപ്പും ഇല്‍ഹാന്‍ ഒമറിന്റെ വിവാഹവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് വിവാഹത്തില്‍ ക്രമക്കേട് നടന്നിരിക്കാമെന്നതിന് ചില തെളിവുകള്‍ ലഭിച്ചതായി അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തിന് ബാധകമായ അഞ്ചുവര്‍ഷത്തെ നിയമപരമായ കാലപരിധി അവസാനിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വിലയിരുത്തിയതോടെ അന്വേഷണം മുന്നോട്ടുപോയില്ല.
2009ല്‍ അന്നുതന്നെ അമേരിക്കന്‍ പൗരത്വമുണ്ടായിരുന്ന ഒമര്‍ ബ്രിട്ടീഷ് പൗരനായ അഹമ്മദ് നൂര്‍ സെയ്ദ് എല്‍മിയെ വിവാഹം കഴിച്ചിരുന്നു. 2017ല്‍ ഇരുവരും വിവാഹമോചിതരായി. എല്മി ഒമറിന്റെ സഹോദരനാണെന്ന ആരോപണമാണ് ഇപ്പോഴത്തെ അന്വേഷണത്തിലും പരിശോധിക്കുന്നത്. എന്നാല്‍ ഇരുവരും സഹോദരങ്ങളാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടോയെന്നത് വ്യക്തമല്ല.
സഹോദരനാണെന്ന് സംശയിക്കുന്ന വ്യക്തിക്ക് ഗ്രീന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി വിവാഹം നടത്തിയെന്ന ആരോപണം ഒരു ദശാബ്ദത്തിലേറെയായി ഒമറിന്റെ രാഷ്ട്രീയ ജീവിതത്തെ പിന്തുടരുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളെ വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തമെന്നാണ് ഒമര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2016ലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ ആരോപണങ്ങള്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ തള്ളിയതായും അവര്‍ അവകാശപ്പെട്ടിരുന്നു.
ഇപ്പോള്‍ ട്രംപ് ഭരണകൂടം ഒമറിന്റെ കുടുംബം സൊമാലിയയില്‍നിന്ന് അഭയാര്‍ഥികളായി അമേരിക്കയിലെത്തിയതുമായി ബന്ധപ്പെട്ട വിപുലമായ അന്വേഷണത്തിന്റെ ഭാഗമായാണ് പഴയ വിവാഹ ആരോപണങ്ങളും വീണ്ടും പരിശോധിക്കുന്നത്. വിവാഹത്തിലൂടെ കുടിയേറ്റ തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് ബാധകമായ നിയമപരമായ കാലപരിധി മറികടന്ന് ഒമറിനെതിരെ കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിയുമോയെന്നതും വ്യക്തമല്ല. അതേസമയം, കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട കുടിയേറ്റ തട്ടിപ്പ് ഗൂഢാലോചനയുടെ ഭാഗമായി വിവാഹത്തെ കുറ്റപത്രത്തിലോ സിവില്‍ നടപടികളിലോ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അത്തരമൊരു വിപുലമായ കേസിലൂടെ ഒമറിനെ നാടുകടത്താനുള്ള സാഹചര്യമുണ്ടാകാമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഒമറിന്റെ പൗരത്വത്തിന് ഭീഷണിയുണ്ടാകുമെന്നതിന് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍ 12ന് വാഷിങ്ടണിലെ ഒമറിന്റെ വീട്ടില്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയതോടെയാണ് അന്വേഷണം വീണ്ടും പൊതുശ്രദ്ധയിലെത്തിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാവുന്ന നടപടികള്‍ ഒഴിവാക്കണമെന്ന നീതിന്യായ വകുപ്പിന്റെ നയത്തിന് വിരുദ്ധമാണ് പരിശോധനയെന്നും അവര്‍ വിമര്‍ശിച്ചു.
അടുത്തയാഴ്ച നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും ജനവിധി തേടുകയാണ് ഇല്‍ഹാന്‍ ഒമര്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്വേഷണം വീണ്ടും സജീവമായത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
ഇല്‍ഹാന്‍ ഒമറിനെതിരായ വിവാഹ തട്ടിപ്പ് ആരോപണത്തില്‍ വീണ്ടും അന്വേഷണം; നാടുകടത്തല്‍ സാധ്യതയും പരിശോധിച്ച് ട്രംപ് ഭരണകൂടം
