ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സിന് നേരെ വന്‍ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് മോഷണം തടയുന്നതിനും സംശയാസ്പദമായ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിനുമായി 2.5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രിപ്റ്റോ ആസ്തികള്‍ മരവിപ്പിച്ചു. ചില ട്രേഡിങ് ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു.
എന്നാല്‍ ഉപഭോക്താക്കളുടെ പണം പൂര്‍ണമായും സുരക്ഷിതമാണെന്ന് ബിനാന്‍സ് വ്യക്തമാക്കി. അതേസമയം, വന്‍തോതില്‍ ക്രിപ്റ്റോകറന്‍സികള്‍ മോഷ്ടിക്കപ്പെട്ടിരിക്കാമെന്ന ആശങ്കയും മേഖലയില്‍ ഉയര്‍ന്നിട്ടുണ്ട്.
ബിനാന്‍സിന്റെ മുന്‍ മേധാവിയും കമ്പനിയിലെ ഭൂരിപക്ഷ ഓഹരി ഉടമയുമായ ചാങ്പെങ് ഷാവോയും സംഭവത്തെ ഹാക്കിങ് ആക്രമണമായിരിക്കാമെന്ന് പ്രതികരിച്ചു. ടെതര്‍ (ഡടഉഠ) സിഇഒ പൗലോ ആര്ഡോയ്നോ, ആക്രമണവുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന ഏകദേശം 1.6 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ചതായി അറിയിച്ചു. സര്‍ക്കിള്‍ (USDC) സിഇഒ ജെറമി അല്ലെയറും 800 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡടഉഇ ആസ്തികള്‍ മരവിപ്പിച്ചതായി വ്യക്തമാക്കി.
ഡോളറിന്റെ മൂല്യവുമായി ബന്ധിപ്പിച്ചുനിര്‍ത്തുന്ന ക്രിപ്റ്റോകറന്‍സികളാണ് USDT, USDC എന്നിവ. സ്റ്റേബിള്‍കോയിനുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സാധാരണയായി ഒരു ഡോളറിന് തുല്യമായ മൂല്യം നിലനിര്‍ത്താനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബിനാന്‍സ് ആക്രമണം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ പ്ലാറ്റ്ഫോമില്‍ ഹാക്കര്‍മാര്‍ കടന്നുകയറിയതായി ക്രിപ്റ്റോ മേഖലയിലെ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. Ethereum, Arbtirum, Avalanche എന്നീ ബ്ലോക്ക്ചെയിന്‍ ശൃംഖലകളിലൂടെ ഏകദേശം 3.3 ബില്യണ്‍ ഡോളറിന്റെ സംശയാസ്പദമായ ക്രിപ്റ്റോ ഇടപാടുകള്‍ നടന്നതായി പരിശോധിച്ചുവരികയാണെന്ന് ബ്ലോക്ക്ചെയിന്‍ സുരക്ഷാ സ്ഥാപനമായ ബ്ലോക്ക്എയ്ഡും അറിയിച്ചു.
സംഭവം ക്രിപ്റ്റോകറന്‍സി മേഖലയിലെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്നായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. 2025 ഫെബ്രുവരിയില്‍ ബൈബിറ്റ് (Bybit) പ്ലാറ്റ്ഫോമില്‍ നിന്ന് 1.5 ബില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ആസ്തികള്‍ മോഷണം പോയ സംഭവത്തെ മറികടക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരകൊറിയയുമായി ബന്ധമുള്ള ഹാക്കര്‍മാരാണ് ബൈബിറ്റ് ആക്രമണത്തിന് പിന്നിലെന്നാണ് അന്ന് ആരോപിക്കപ്പെട്ടത്.
ആക്രമണവാര്‍ത്ത പുറത്തുവന്നതോടെ ബിറ്റ്കോയിന് വിലയില്‍ മൂന്ന് ശതമാനത്തിലധികം ഇടിവുണ്ടായി. ലോകമെമ്പാടുമായി 33.5 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള ബിനാന്‍സിലെ സംഭവവികാസങ്ങള്‍ ആഗോള ക്രിപ്റ്റോ വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനും ഉപയോഗിക്കുന്ന ഡിജിറ്റല്‍ വ്യാപാര പ്ലാറ്റ്ഫോമുകളാണ് ബിനാന്‍സ് പോലുള്ള എക്സ്ചേഞ്ചുകള്‍.
ബിനാന്‍സിന് നേരെ വന്‍ സൈബര്‍ ആക്രമണം; 2.5 ബില്യണ്‍ ഡോളറിലധികം ക്രിപ്റ്റോ ആസ്തികള്‍ മരവിപ്പിച്ചു; ബിറ്റ്കോയിന് മൂന്ന് ശതമാനത്തിലേറെ ഇടിവ്
