കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇട്ടത് ഗൂഢാലോചനയെന്ന് മന്ത്രി; അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഷൻ

കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇട്ടത് ഗൂഢാലോചനയെന്ന് മന്ത്രി; അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഷൻ


കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ലക്ഷ്യമിട്ട് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ പ്രചാരണം നടത്തിയത് ആസൂത്രിത ഗൂഢാലോചനയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയ കായിക അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെയാണ് പിടികൂടിയത്. അതേസമയം, അറസ്റ്റിലായ കായിക അധ്യാപകൻ ജിജോ ജെയിംസിനെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കിട്ടിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ പ്രധാന വേദിയായ എൻഐടി മൈതാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഇതേ അധ്യാപകൻ വീണ്ടും സമാനമായ ആരോപണവുമായി രംഗത്തെത്തിയത്. ആദ്യദിവസത്തെ സംഭവത്തിന് ശേഷം പൊലീസ് അടക്കമുള്ളവർ ഇയാളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചൂടോടെ വിളമ്പിയ സാമ്പാർ കഴിച്ചുകൊണ്ടിരിക്കെ ഇയാൾ ജീവനുള്ള പുഴുവിനെ എടുത്തു കാണിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി മേളയിലെ ഭക്ഷണത്തിൽ പുഴു ഇല്ലായിരുന്നുവെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ സ്ഥലത്ത് വലിയ ബഹളമുണ്ടായി.

തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുമ്പാവൂരിലെ ഒരു എയ്ഡഡ് സ്കൂൾ അധ്യാപകനാണ് പിടിയിലായ ജിജോ ജെയിംസ്. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തി കൂടിയാണ് ഇയാൾ. ഫേസ്ബുക്ക് ലൈവ് അടക്കം നടത്തിയാണ് ഇയാൾ വ്യാജ പ്രചാരണം നടത്തിയത്.

ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി

നാല് മണിക്കൂർ തിളച്ചുമറിയുന്ന സാമ്പാറിലും ആവിയിൽ വേവിക്കുന്ന പുട്ടിലും ജീവനുള്ള പുഴു എങ്ങനെ വരുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു. ചൊവ്വാഴ്ചയാണ് പുട്ടിൽ പുഴുവിനെ കണ്ടെന്ന് ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ പുഴുവിനെ നേരിട്ട് കണ്ടവർ ആരുമില്ല. ഇതിന് പിന്നാലെയാണ് വീണ്ടും പുഴുവിനെ കണ്ടെന്ന് പറഞ്ഞ് അധ്യാപകൻ ബഹളം വച്ചത്.

അധ്യാപകൻ പുഴുവിനെ കൊണ്ടുവന്ന് ഭക്ഷണത്തിൽ ഇടുന്നത് കണ്ട രണ്ട് തൊഴിലാളികൾ അവിടെയുണ്ടായിരുന്നു. ഉടൻ തന്നെ രണ്ട് ചാനലുകളുടെ കാമറകൾ അവിടെ എത്തുകയും ചെയ്തു. ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്. കുട്ടികളുടെ കായികമേള അലങ്കോലമാക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധരാണ് ഇതിൻ്റെ പിന്നിൽ. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകൻ്റെ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെഎസ്ടിഎ അടക്കമുള്ള ഇടത് അധ്യാപക സംഘടനകളും ആരോപിച്ചു.

പ്രായത്തട്ടിപ്പിലും കർശന നടപടി

കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രായത്തട്ടിപ്പുമായി ബന്ധപ്പെട്ടും കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ ഇവിടെ കൊണ്ടുവന്ന് പഠിപ്പിച്ച് മേളയിൽ പങ്കെടുപ്പിക്കുന്ന പ്രവണതയുണ്ട്. ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. അഡ്മിഷൻ ചോദിച്ചു വരുന്ന കുട്ടികൾക്ക് അത് നിഷേധിക്കാൻ കഴിയില്ലെങ്കിലും, ദുരുദ്ദേശ്യത്തോടെ റാങ്ക് നേടാൻ വേണ്ടി മാത്രം ഇത്തരം കുട്ടികളെ കൊണ്ടുവരുന്നത് ശരിയായ രീതിയല്ല. ഇതിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ പരിശോധന അടക്കം നടത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയം കലർത്തരുതെന്ന് പഴയിടം

അതിനിടെ വേദിക്ക് പുറത്ത് പഴവും മുട്ടയും വിതരണം ചെയ്ത് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. നടക്കുന്നത് ആസൂത്രിത നീക്കമാണെന്നും ഭക്ഷണത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും കാറ്ററിങ് ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരി ഇടിവി ഭാരതിനോട് പറഞ്ഞു. നാല് മണിക്കൂർ തിളച്ച സാമ്പാറിലും ആവിയിൽ വെന്ത പുട്ടിലും ജീവനുള്ള പുഴുവിനെ കണ്ടെന്ന് പ്രചരിപ്പിക്കുന്നത് നീചമായ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായി നടത്തിവരുന്ന സ്കൂൾ മേള അലങ്കോലമാക്കി രാഷ്ട്രീയ നേട്ടങ്ങൾക്ക് ചിലർ ശ്രമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ പറഞ്ഞു.

കായികമേള കോഴിക്കോട്ട് നടത്താൻ തീരുമാനിച്ചത് മുതൽ ഇതിനെതിരെ വ്യാജ പ്രചാരണങ്ങൾ തുടങ്ങിയിരുന്നുവെന്നും ഇവർക്കെതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന കായികമേളയുടെ ശോഭ കെടുത്താനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷണശാലയിൽ ഉൾപ്പെടെ കർശന പരിശോധനയും നിരീക്ഷണവും തുടരാനാണ് പൊലീസിൻ്റെ തീരുമാനം.