ഒഹായോ: ലൈംഗിക കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട് പിന്നീട് മരിച്ച ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രകോപിതനായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒഹായോയിലെ ചിലിക്കോത്തില്‍ ബുധനാഴ്ച നടന്ന റാലിക്കിടെ പ്രതിഷേധക്കാരന്‍ ഇടപെട്ടതോടെയാണ് ട്രംപ് രോഷാകുലനായത്. എപ്സ്റ്റീനെ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ-ലാഗോ ക്ലബ്ബില്‍നിന്ന് പുറത്താക്കിയതാണെന്ന് ട്രംപ് അവകാശപ്പെട്ടു.
ചിലിക്കോത്തിലെ ഷൂമേക്കര്‍ സെന്ററില്‍ നടന്ന പരിപാടി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാരനെ വേദിയില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് സംഭവത്തോട് പ്രതികരിച്ച ട്രംപ്, പ്രതിഷേധക്കാരന്‍ തീവ്ര ഇടതുപക്ഷത്തിന്റെ രീതിയാണ് പിന്തുടരുന്നതെന്ന് ആരോപിച്ചു. എപ്സ്റ്റീന്റെ പേര് പരാമര്‍ശിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു.
'ജെഫ്രി എപ്സ്റ്റീനെ മാര്‍-എ-ലാഗോയില്‍നിന്ന് ഞാന്‍ പുറത്താക്കുകയായിരുന്നു. അതൊരു വലിയ കാര്യമായിരുന്നു ഞാന്‍ ചെയ്തത്' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എപ്സ്റ്റീന്‍ ഡെമോക്രാറ്റായിരുന്നുവെന്നും താന്‍ പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രതിഷേധക്കാര്‍ പണം വാങ്ങി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു.
ട്രംപിന്റെ വലിയ റാലികളില്‍നിന്ന് വ്യത്യസ്തമായി, ചെറിയ വേദിയായതിനാല്‍ പ്രതിഷേധവും തടസ്സങ്ങളും കൂടുതല്‍ പ്രകടമായിരുന്നു. സമീപകാലത്ത് ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികളില്‍ ട്രംപിന് നേരെ പ്രതിഷേധങ്ങള്‍ വര്‍ധിച്ചുവരികയാണ്. സാധാരണയായി ഇത്തരം പ്രതിഷേധങ്ങളെ തമാശയിലൂടെ നേരിടുന്ന ട്രംപ്, പ്രതിഷേധക്കാര്‍ പിന്നീട് അമ്മയുടെ അടുത്തേക്ക് മടങ്ങിപ്പോകുമെന്ന തരത്തിലുള്ള പരിഹാസങ്ങളും മുമ്പ് നടത്തിയിട്ടുണ്ട്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഡെമോക്രാറ്റുകള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതില്‍ ആശങ്കയില്ലെന്ന് ട്രംപ്. നിര്‍ണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒബാമ പ്രചാരണരംഗത്ത് സജീവമായതിനെക്കുറിച്ച് ഒഹായോയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പ് ഹിലരി ക്ലിന്റണിനും കമല ഹാരിസിനും വേണ്ടി ഒബാമ പ്രചാരണം നടത്തിയിരുന്നെങ്കിലും അവര്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഒബാമ എനിക്കെതിരെ പ്രചാരണത്തിനിറങ്ങുമ്പോള്‍ എനിക്ക് ആശങ്കയുണ്ടാകാറുണ്ട്. ഹിലരി ക്ലിന്റണുവേണ്ടി അദ്ദേഹം ഇടപെട്ടു. പിന്നീട് അവര്‍ തോറ്റു' എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.
കമല ഹാരിസിനുവേണ്ടിയും ഒബാമ പ്രചാരണത്തിനിറങ്ങിയെങ്കിലും വിജയമുണ്ടായില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒബാമ പ്രചാരണത്തിനിറങ്ങുമെന്ന് അറിഞ്ഞപ്പോള്‍ താന്‍ സന്തോഷത്തോടെയാണ് പ്രതികരിച്ചതെന്നും ട്രംപ് പറഞ്ഞു. 'അത് നല്ലതാണ്' എന്നായിരുന്നു തന്റെ പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.
