അബുദാബി: വിമാനത്തിന്റെ കോക്പിറ്റിലുണ്ടായ കോടാലി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനോട് സൗഹൃദസംഭാഷണത്തിനിടെ ജിയുജിറ്റ്സു പരിശീലനം വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. പൈലറ്റിനെ ആദരിക്കുന്ന ചടങ്ങിനിടെ ഇരുവരും നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആക്രമണത്തില്‍ പൈലറ്റിന് തലയിലേറ്റ പരിക്കുകളും തുന്നലുകളും ആദ്യമായി വ്യക്തമായി ദൃശ്യമായതും ശ്രദ്ധ നേടി.
സെപ്റ്റംബര്‍ 30ന് കോക്പിറ്റിലുണ്ടായ ആക്രമണത്തിനിടെ ധൈര്യത്തോടെ പ്രവര്‍ത്തിച്ചതിനാണ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെയും ഫ്ലൈദുബായ് വിമാനത്തിലെ മറ്റ് ജീവനക്കാരെയും യുഎഇ പ്രസിഡന്റ് ആദരിച്ചത്. ചടങ്ങില്‍ മച്ചാറിന് **ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് കക** പുരസ്കാരം സമ്മാനിച്ചു.
'രണ്ടു മാസത്തിനുള്ളില്‍ സുഖം പ്രാപിച്ചേക്കാം'
ആദരിക്കല്‍ ചടങ്ങിനുശേഷം പൈലറ്റിനെ ആലിംഗനം ചെയ്ത പ്രസിഡന്റ്, എപ്പോഴാണ് പൂര്‍ണമായി സുഖം പ്രാപിക്കുകയെന്ന് ചോദിച്ചു. 'ഒരുപക്ഷേ രണ്ടു മാസത്തിനുള്ളില്‍,' എന്നായിരുന്നു മച്ചാറിന്റെ മറുപടി.
'എനിക്ക് ഒരു ആശയമുണ്ട്. നിങ്ങള്‍ സുഖം പ്രാപിച്ചുകഴിഞ്ഞാല്‍, നിങ്ങളെ എങ്ങനെ പോരാടണമെന്ന് പരിശീലിപ്പിക്കാന്‍ ഒരു സെഷന് നടത്തണം,' എന്നായിരുന്നു യുഎഇ പ്രസിഡന്റിന്റെ തമാശ കലര്‍ന്ന മറുപടി. ഇതുകേട്ട് ചിരിച്ച മച്ചാര്‍, 'അത് എനിക്ക് ഏറ്റവും വലിയ ബഹുമതിയാണ്,' എന്നും പ്രതികരിച്ചു.
ജിയുജിറ്റ്സു കായിക ഇനത്തിന് യുഎഇയില്‍ വലിയ പ്രാധാന്യമുള്ളതിനാല്‍ ഇരുവരുടെയും സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രത്യേക ശ്രദ്ധ നേടി.
തലയോട്ടിക്ക് ഗുരുതരമായ പരിക്ക്
ആക്രമണത്തില്‍ കോടാലികൊണ്ടേറ്റ മുറിവുകള്‍ മച്ചാറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടാക്കിയിരുന്നു. തലയോട്ടിയിലെ അസ്ഥിയുടെ ചില ഭാഗങ്ങള്‍ അകത്തേക്ക് നീങ്ങി മസ്തിഷ്കകലകളോട് ചേര്‍ന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കുകള്‍ക്കു പുറമേ കുത്തേറ്റ മുറിവുകളും കൈകാലുകള്‍ക്കും നെഞ്ചിനും വയറിന്റെ മുകള്‍ഭാഗത്തിനും പരിക്കുകളുമുണ്ടായി.
സൗദി അറേബ്യയിലെ തബൂക്കില്‍ വിമാനം അടിയന്തരമായി ഇറക്കിയശേഷം മച്ചാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തലയോട്ടിയിലെ പൊട്ടലുകള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകള്ക്കുശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കും നാഡീസംബന്ധമായ നിരീക്ഷണത്തിനുമായി അദ്ദേഹത്തെ യുഎഇയിലെ അബുദാബിയിലേക്ക് മാറ്റി.
മച്ചാറിനെ ആദരിക്കാന്‍ മോദിയെയും ക്ഷണിച്ച് നെതന്യാഹു
ഇന്ത്യന്‍ പൈലറ്റിന്റെ ധീരത രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിക്കുകയും ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യന്‍ പൈലറ്റ് മച്ചാറിനൊപ്പം ദീപശിഖ തെളിയിക്കാന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും ഇസ്രയേലും ഭീകരവാദത്തിനെതിരെ കരയിലും ആകാശത്തിലും ഒരുമിച്ച് പോരാടുകയാണെന്ന് മോദി വ്യക്തമാക്കിയതായി നെതന്യാഹു എക്സിലെ കുറിപ്പില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു.
ഗുരുതര പരിക്കുകള്‍ക്കിടയിലും ധൈര്യത്തോടെ നിലകൊണ്ട ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ലഭിച്ച ആദരവും യുഎഇ പ്രസിഡന്റുമായുള്ള ഹൃദ്യമായ സംഭാഷണവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
'സുഖം പ്രാപിച്ചാല്‍ നിങ്ങളെ പോരാട്ടം പഠിപ്പിക്കാം'; ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനോട് യുഎഇ പ്രസിഡന്റിന്റെ തമാശ, പരിക്കുകളുടെ ദൃശ്യങ്ങള്‍ വൈറല്‍
