ടെല്‍ അവീവ്: ഇസ്രയേലിലെ തെരഞ്ഞെടുപ്പില്‍ 4.3 ലക്ഷം മുതല്‍ 4.8 ലക്ഷം വരെ 'ഇരട്ട കവറുകളിലുള്ള' വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. ഇത് പ്രാഥമിക കണക്കാണെന്നും അന്തിമമല്ലെന്നും വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് സംഖ്യയില്‍ മാറ്റമുണ്ടാകാമെന്നും കമ്മിറ്റി വ്യക്തമാക്കി.
വോട്ടര്‍മാര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് സാധാരണയായി പോളിങ് സ്റ്റേഷന്‍ അനുവദിക്കുന്നത്. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിയമപ്രകാരം മറ്റൊരു കേന്ദ്രത്തില്‍ വോട്ട് ചെയ്യാന്‍ അനുമതിയുണ്ട്. വിദേശരാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥര്‍, ഇസ്രയേല്‍ പ്രതിരോധസേനയിലെ (ഐ ഡി എഫ്) സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജയില്‍ ജീവനക്കാര്‍, തടവുകാര്‍, ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍, ശാരീരിക പരിമിതികള്‍ കാരണം നിശ്ചയിച്ച പോളിംഗ് സ്റ്റേഷനിലെത്താന്‍ കഴിയാത്തവര്‍ എന്നിവരാണ് ഈ വിഭാഗങ്ങളില്‍പ്പെടുന്നത്.
എന്താണ് 'ഇരട്ട കവര്‍' വോട്ടുകള്‍?
ഇത്തരം വോട്ടുകള്‍ രണ്ട് കവറുകളിലായാണ് സൂക്ഷിക്കുന്നത് എന്നതിനാലാണ് ഇവയ്ക്ക് 'ഇരട്ട കവര്‍ വോട്ടുകള്‍' എന്ന പേര് ലഭിച്ചത്. വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനായി ബാലറ്റ് പേപ്പര്‍ ആദ്യം തിരിച്ചറിയല്‍ വിവരങ്ങളില്ലാത്ത അകത്തെ കവറിലിടുന്നു. തുടര്‍ന്ന് വോട്ടറുടെ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ പുറംകവറിനുള്ളില്‍ അത് നിക്ഷേപിക്കുന്നു.
വോട്ടറുടെ യോഗ്യതയും വോട്ടിന്റെ സാധുതയും പരിശോധിച്ചശേഷമാണ് ഈ വോട്ടുകള്‍ എണ്ണുന്നത്. സാധാരണ വോട്ടെടുപ്പില്‍നിന്ന് വ്യത്യസ്തമായ നടപടിക്രമങ്ങള്‍ ആവശ്യമായതിനാല്‍ ഇവയുടെ എണ്ണല്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4.6 ലക്ഷം വോട്ടുകള്‍
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏകദേശം 4.6 ലക്ഷം ഇരട്ട കവര്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. നെസെറ്റിലെ ഏകദേശം 13 സീറ്റുകള്‍ക്ക് തുല്യമായ വോട്ടുകളാണിത്.
ഇത്തവണ ഈ കണക്ക് ഉയരാനിടയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വീടുകള്‍ക്കടുത്തുള്ള പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവിധം വിവിധ മേഖലകളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഐ ഡി എഫ് റിസര്‍വ് സൈനികരുടെ വലിയ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇരട്ട കവര്‍ വോട്ടുകളുടെ അന്തിമ കണക്ക് പുറത്തുവരുന്നതോടെ തെരഞ്ഞെടുപ്പിന്റെ ഫലനിര്‍ണയത്തില്‍ അവയുടെ സ്വാധീനം വ്യക്തമാകും.
