ജറുസലേം: ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 53 സീറ്റുകളുമായി മുന്നില്‍. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളാണ് ലഭിച്ചതെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍, 120 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടാന്‍ ഇരു വിഭാഗങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
ആദ്യഘട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇരുസഖ്യങ്ങളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ നെതന്യാഹു സഖ്യം നേരിയ മുന്‍തൂക്കം നേടി.
ഹമാസ് 2023 ഒക്ടോബര്‍ 7ന് നടത്തിയ ആക്രമണത്തിനുശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ ഇത്തവണത്തെ പോരാട്ടം രാജ്യത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആക്രമണത്തിന് മുമ്പുണ്ടായ സുരക്ഷാവീഴ്ചകളുടെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ രൂപീകരിക്കാത്തതും അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
തിരഞ്ഞെടുപ്പില്‍ 77.7 ശതമാനം പോളിങ് രേഖപ്പെടുത്തി. 1999നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്. അതേസമയം, രണ്ട് പ്രധാന അറബ് പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇവരുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കും. ഗാസയിലെയും ഇറാനുമായുള്ള സംഘര്‍ഷങ്ങളും ഇസ്രയേലിന്റെ വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹുവിന് അധികാരത്തില്‍ തുടരാനുള്ള നിര്‍ണായക പരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പ്. അന്തിമ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ സഖ്യചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടെണ്ണലിന്റെ അന്തിമഫലവും തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളുമാകും ഇസ്രയേലിലെ അടുത്ത സര്‍ക്കാരിന്റെ രൂപീകരണം നിര്‍ണയിക്കുക.
ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റ്, പ്രതിപക്ഷത്തിന് 48
