'സിറ്റിങ് ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?' അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, നീതി കിട്ടിയില്ലെന്ന് കുടുംബം

'സിറ്റിങ് ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?' അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, നീതി കിട്ടിയില്ലെന്ന് കുടുംബം


എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരൻ്റെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്ന സിറ്റിങ് ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഉച്ചയ്ക്ക് ഒരു മണിക്ക് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചു. അതേസമയം, തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും കേസിൽ നിന്നും ഊരിപ്പോകാൻ ജഡ്ജി സകല തന്ത്രങ്ങളും പയറ്റുകയാണെന്നും മരിച്ച ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് സുപ്രധാന ഇടപെടൽ നടത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ജഡ്ജിയെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഒരു ജുഡീഷ്യൽ ഓഫിസർ എന്നനിലയിൽ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും, നിയമം ലംഘിച്ച് ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

അതിനാൽ നിലവിലെ സാഹചര്യത്തിൽ അറസ്റ്റിൻ്റെ ആവശ്യമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഒരു ജുഡീഷ്യൽ ഓഫിസറെ ചോദ്യംചെയ്യാനും അറസ്റ്റ് ചെയ്യാനും പാടുള്ളൂവെന്നും കോടതി ഓർമിപ്പിച്ചു. നേരത്തെ രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് സമയം മാറ്റുകയായിരുന്നു.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബം ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. അപകടം നടന്നയുടനെ മകൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് ജഡ്ജി പൊലീസ് സ്റ്റേഷനിൽ എത്തുകയും ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന ജഡ്ജിയുടെ ബോർഡ് ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ നശിപ്പിച്ചതായും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് പൊലീസിൻ്റെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ചില ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. താൻ ഒരു പിതാവെന്നനിലയിലാണ് സ്റ്റേഷനിൽ പോയതെന്നും, മകൻ കാറുമായി പുറത്തുപോയ വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ജഡ്ജി അന്വേഷണസംഘത്തിന് നൽകിയ മൊഴി.

അതേസമയം, കേസിൽ തങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് ജയബാലകൃഷ്ണൻ്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കി. ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തിയായതിനാലാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ജില്ലാ ജഡ്ജി അറിയിച്ചത്. ജഡ്ജിയെ അറസ്റ്റ് ചെയ്യരുതെന്നോ സസ്പെൻഡ് ചെയ്യണമെന്നോ പറയുന്ന യാതൊരു രേഖകളും തങ്ങൾക്ക് ലഭിച്ചിട്ടില്ല. സുപ്രീം കോടതിയിലെ അഭിഭാഷകയായ കിരൺ രേഷ്മയെയാണ് കുടുംബം കേസ് ഏൽപ്പിച്ചിരിക്കുന്നത്. ജഡ്ജി ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും പയറ്റുന്നുണ്ടെന്നും, മുൻകൂർ ജാമ്യം ലഭിക്കാതിരിക്കാൻ ഈശ്വരനോട് പ്രാർഥിക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഭദ്രകീർത്തി കൂട്ടിച്ചേർത്തു.

ചേരാനല്ലൂരിൽ പുലർച്ചെ സ്കൂട്ടർ യാത്രക്കാരനായ 55കാരനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനാണ് മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിൻ്റെ ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമ്മതിച്ചിരുന്നു.

സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ഇരയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിയായ 17കാരന് ജാമ്യം അനുവദിച്ചതിനെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണൻ്റെ കുടുംബവും എറണാകുളത്തെ പ്രത്യേക കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയായ 17കാരൻ സ്ഥിരം കുറ്റവാളിയാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി 

അന്വേഷണ സംഘത്തിൻ്റെ മുന്നിൽ ഹാജരായ അഡീഷണൽ ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി പോലീസ് ക്ലബ്ബിൽ ആയിരുന്നു ചോദ്യം ചെയ്യൽ. അതേസമയം വാഹനാപകടക്കേസിൽ 17-കാരനായ പ്രതിയുടെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ ഹർജിക്കാരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നാണ് കോടതിയുടെ നിർദേശം.