ചരിത്രത്തിലാദ്യം; യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തപാല്‍ വോട്ട് രേഖപ്പെടുത്തി

ചരിത്രത്തിലാദ്യം; യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തപാല്‍ വോട്ട് രേഖപ്പെടുത്തി


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിലൂടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചരിത്രത്തില്‍ ഇടംനേടി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ചരിത്രത്തിലെ ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇല്ലിനോയിസിലാണ് മാര്‍പാപ്പ തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. വത്തിക്കാന്‍ പ്രസ് ഓഫീസ് വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.

ഷിക്കാഗോയില്‍ ജനിച്ച മാര്‍പാപ്പയുടെ യഥാര്‍ഥ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. 2025 മേയില്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ സഭയെ നയിക്കുന്ന ആദ്യ അമേരിക്കക്കാരനെന്ന ചരിത്രനേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. മാര്‍പാപ്പയായെങ്കിലും അമേരിക്കന്‍ പൗരത്വവും വോട്ടവകാശവും അദ്ദേഹത്തിന് നഷ്ടമായിട്ടില്ല.

വോട്ടവകാശത്തിന് അര്‍ഹതയുള്ളപ്പോഴെല്ലാം മാര്‍പാപ്പ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

ഷിക്കാഗോയില്‍ തപാല്‍ വോട്ടിലൂടെയാണ് അദ്ദേഹം ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. ജനാധിപത്യ പ്രക്രിയകളില്‍ പൗരന്മാര്‍ പങ്കെടുക്കേണ്ടത് അവകാശം മാത്രമല്ല, കടമ കൂടിയാണെന്ന വിശ്വാസമാണ് പരിശുദ്ധ പിതാവിനുള്ളതെന്നും വത്തിക്കാന്‍ കൂട്ടിച്ചേര്‍ത്തു.

പെറുവില്‍ താമസിച്ചിരുന്ന കാലത്തും വോട്ടവകാശത്തിന് അര്‍ഹതയുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളില്‍ മാര്‍പാപ്പ വോട്ട് രേഖപ്പെടുത്തിയിരുന്നതായി വത്തിക്കാന്‍ അറിയിച്ചു.

പരമാധികാര രാഷ്ട്രമായ വത്തിക്കാന്റെ തലവനാണെങ്കിലും ലിയോ പതിനാലാമന്‍ മാര്‍പാപ്പ അമേരിക്കന്‍ പൗരത്വം നിലനിര്‍ത്തിയിട്ടുണ്ട്.

ഇല്ലിനോയിസില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് പ്രത്യേക കാരണം വ്യക്തമാക്കാതെ തന്നെ തപാല്‍ വോട്ടിന് അവസരമുണ്ട്. വിദേശത്ത് താമസിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെയും വോട്ടര്‍ രജിസ്‌ട്രേഷന്‍ വിലാസത്തില്‍നിന്ന് അകലെ സേവനമനുഷ്ഠിക്കുന്ന സൈനികരുടെയും വോട്ടവകാശം അമേരിക്കന്‍ ഫെഡറല്‍ നിയമവും സംരക്ഷിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തപാല്‍ വോട്ടിലൂടെയോ ഹാജരാകാതെയുള്ള വോട്ടെടുപ്പ് സംവിധാനത്തിലൂടെയോ സമ്മതിദാനാവകാശം വിനിയോഗിക്കാം.

നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം ഏത് രാഷ്ട്രീയ പാര്‍ട്ടിക്കായിരിക്കുമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിയമനിര്‍മാണ അജന്‍ഡയെയും വാഷിംഗ്ടണിലെ അധികാരസന്തുലനത്തെയും സ്വാധീനിച്ചേക്കും.