കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്


തിരുവനന്തപുരം: കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണത്തിനു സർക്കാർ ഉത്തരവിറക്കി. നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും. കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12,240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം.

പാലക്കാട് (470 ഏക്കർ)​,​ കണ്ണൂർ (4896 ഏക്കർ)​ എന്നീ ജില്ലകളിലായി 5336 ഏക്കർ ഭൂമി 12710 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കാനാണ് കിഫ്ബി അംഗീകാരം നൽകിയിരുന്നത്. ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്ന ഭൂമിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്രമായ ചെലവ് നേട്ട വിശകലനമോ വ്യക്തവും ലാഭകരവുമായ വാണിജ്യ പദ്ധതികളോ ഇല്ലാതെ കിൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത,​ ഉത്തരവാദിത്വം,​ പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച ഗുരുതരമായ ആശങ്കകകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉത്തരവിൽ പറയുന്നു. 
 
കണ്ണൂരിൽ വലിയതോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഏകദേശം 1000 ഏക്കറോളം ഭൂമി വാങ്ങിയതിലും, പിന്നീട് 4000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

മുൻ ഉദ്യോഗസ്ഥ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെന്ന 2016–17 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ മറവിലായിരുന്നു ഇടപാടുകൾ.