തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കും.
കേസിൽ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവിൽ പോയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷ മൂല്യനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആർ ഹരി. ക്രൈംബ്രാഞ്ച് പ്രതി ചേർത്തതിനെ തുടർന്ന് ആർ. ഹരിയെ നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു.
ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആ ഹരിക്കും. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചു. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഓൺ സ്കീൻ വഴിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്. ഇതിലാണ് 58 മാർക്കിൻറെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനാണ് ഇരുവരെയും പ്രതി ചേർത്തത്. എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് കിട്ടിയ അരുണ്‍ ജെ.പ്രതാപ് ഉദ്യോഗാർത്ഥിയെ ഒന്നാം റാങ്കുകാരനാക്കാൻ മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയത് ഉന്നത സ്വാധീനം കൊണ്ടെന്ന് വ്യക്തമാകുന്ന രേഖകകള്‍ അന്വേഷണ സംഘത്തിനും ലഭിച്ചു കഴിഞ്ഞു. പി സതീഷ് കഴിഞ്ഞവർഷം സർവീസിൽ നിന്ന് വിരമിച്ചയാളാണ്. ആർ ഹരി ഇപ്പോഴും സർവീസിൽ തുടരുന്നായാളാണ്. പി സതീഷിനെ വൈകാതെ കസ്റ്റഡിയിൽ വാങ്ങും.
പരീക്ഷാ ക്രമക്കേട്: പിഎസ്സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ
