വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ട്രംപ് ഭരണകൂടം സ്വീകരിച്ച വിവിധ നടപടികള്‍ തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് അടുത്തിടെ ഭരണകൂടം നടത്തിയ നീക്കങ്ങള്‍ക്കാണ് വെള്ളിയാഴ്ച (ഒക്ടോബര്‍ 30) ഫെഡറല്‍ ജഡ്ജി ട്രിന തോംസണ്‍ അടിയന്തര ഇടക്കാല ഉത്തരവിലൂടെ തടയിട്ടത്.
പൗരത്വമില്ലാത്തവര്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്നത് തടയാനാണ് നടപടികളെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍, തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഇടപെടാനും നിയമപരമായി വോട്ടവകാശമുള്ളവരെ വോട്ടുചെയ്യുന്നതില്‍നിന്ന് ഒഴിവാക്കാനും ഇത്തരം നടപടികള്‍ ഇടയാക്കുമെന്ന് ജഡ്ജി നിരീക്ഷിച്ചു.
ഉത്തരവ് നിലനില്‍ക്കുന്ന കാലയളവില്‍, ഏതെങ്കിലും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ബാലറ്റുകള്‍ പ്രത്യേകം മാറ്റിവയ്ക്കാനോ വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യാനോ ബാലറ്റുകളുടെ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാനോ നീതിന്യായ വകുപ്പിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ആവശ്യപ്പെടാനാകില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന ഭീഷണിയും കോടതി തടഞ്ഞു. വോട്ടര്‍മാര്‍ക്ക് അര്‍ഹതയില്ലെന്ന ആരോപണത്തിന്റെ പേരില്‍ ബാലറ്റ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
നിയമപ്രകാരം ബാലറ്റുകള്‍ വിതരണം ചെയ്യുകയും പരിശോധിക്കുകയും എണ്ണുകയും 2026ലെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന സംസ്ഥാനപ്രാദേശിക ഉദ്യോഗസ്ഥര്‍ ഫെഡറല്‍ ക്രിമിനല്‍ നിയമം ലംഘിക്കുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലെന്ന് ഭരണകൂടം ആരോപിക്കുന്ന വ്യക്തിയുടെ ബാലറ്റാണെങ്കിലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കി.
വോട്ടുചെയ്യാന്‍ അര്‍ഹതയില്ലെന്ന് ഭരണകൂടം ആരോപിക്കുന്നവരുടെ പട്ടികകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് രേഖകളോ ബാലറ്റുകളോ ലഭിക്കുന്നതിനായി പുറപ്പെടുവിച്ച തിരച്ചില്‍ വാറണ്ട് അപേക്ഷകള്‍, ഗ്രാന്‍ഡ് ജൂറി സമന്‍സുകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് കോടതിയെ അറിയിക്കണമെന്നും ജഡ്ജി നിര്‍ദേശിച്ചു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന് നിയമിച്ച ജഡ്ജിയാണ് ട്രിന തോംസണ്‍. നവംബര്‍ 16 വരെയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ സമ്മര്ദനീക്കങ്ങള്ക്ക് തിരിച്ചടി; നടപടികള്‍ തടഞ്ഞ് ഫെഡറല്‍ കോടതി
