നോര്‍ത്ത് ഡക്കോട്ടയില്‍ ആദ്യ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

നോര്‍ത്ത് ഡക്കോട്ടയില്‍ ആദ്യ മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു


ബിസ്മാര്‍ക്ക്:  അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയില്‍ ആദ്യമായി മഹാത്മാഗാന്ധിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചു. സംസ്ഥാന തലസ്ഥാനമായ ബിസ്മാര്‍ക്കിലെ പീസ് പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാനുള്ള ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണിത്.

ഗാന്ധിജിയുടെ 157ാം ജന്മവാര്‍ഷികം ആചരിക്കുന്ന മാസത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധിജയന്തി. ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു. സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയും നോര്‍ത്ത് ഡക്കോട്ടയിലെ ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിന്റെയും നോര്‍ത്ത് ഡക്കോട്ട ട്രേഡ് ഓഫീസിന്റെയും പിന്തുണയോടെയുമാണ് പ്രതിമ സ്ഥാപിച്ചത്.

'ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് നോര്‍ത്ത് ഡക്കോട്ടയിലെ ജനങ്ങള്‍ക്ക്' എന്ന സന്ദേശം പ്രതിമയ്‌ക്കൊപ്പമുള്ള ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'ലോകവുമായി സൗഹൃദത്തിലാകുകയും മുഴുവന്‍ മനുഷ്യരാശിയെയും ഒരൊറ്റ കുടുംബമായി കാണുകയും ചെയ്യുന്നതാണ് സുവര്‍ണപാത' എന്ന ഗാന്ധിജിയുടെ വാക്കുകളും ഫലകത്തിലുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ അഹിംസാ സന്ദേശം നോര്‍ത്ത് ഡക്കോട്ടയില്‍നിന്ന് അമേരിക്കയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത് പ്രധാനമാണെന്ന് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രകാശ് ഗുപ്ത പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്കയും പരസ്പരം കാണുന്ന അടിസ്ഥാന കാഴ്ചപ്പാടുകളെയാണ് ഗാന്ധിജിയുടെ സന്ദേശം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ കെല്ലി ആംസ്‌ട്രോങ്, പ്രഥമ വനിത കെര്‍സ്റ്റി ആംസ്‌ട്രോങ്, കൃഷി കമ്മീഷണര്‍ ഡഗ് ഗോറിങ്, ബിസ്മാര്‍ക്ക് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ ജില്ലാ അധികൃതര്‍, ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണറും പ്രഥമ വനിതയും പ്രകാശ് ഗുപ്തയും ചേര്‍ന്നാണ് പ്രതിമ സമര്‍പ്പിച്ചത്.

പ്രതിമ സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമാണെന്ന് ഡഗ് ഗോറിങ് പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്ത്യയിലും ലോകമെമ്പാടും നോര്‍ത്ത് ഡക്കോട്ടയിലെ ജനങ്ങള്‍ക്കിടയിലും പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ പൈതൃകം ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്നും കെര്‍സ്റ്റി ആംസ്‌ട്രോങ് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജനുകള്‍ ആലപിച്ചും ചടങ്ങില്‍ പങ്കുചേര്‍ന്നു.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ബിസ്മാര്‍ക്കിലെ പീസ് പാര്‍ക്ക് വികസിപ്പിച്ചത്. ഗാന്ധി പീസ് നെറ്റ്‌വര്‍ക്ക് ഓഫ് നോര്‍ത്ത് ഡക്കോട്ട സ്ഥാപിച്ച പീസ് പോളും മറ്റ് വെങ്കല ശില്‍പങ്ങളും ഇവിടെയുണ്ട്. ഗാന്ധിജിയുടെ പ്രതിമ കൂടി സ്ഥാപിച്ചതോടെ പാര്‍ക്കിലെ പൊതുകലാ പൈതൃകത്തിന് പുതിയൊരു സംഭാവനയായെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

2023 നവംബറില്‍ സിയാറ്റിലില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥാപിതമായതിനു ശേഷം ഇന്ത്യയും നോര്‍ത്ത് ഡക്കോട്ടയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ സഹകരണത്തിന്റെ ഭാഗമായി നോര്‍ത്ത് ഡക്കോട്ട ട്രേഡ് ഓഫീസിലെ മുതിര്‍ന്ന പ്രതിനിധികള്‍ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2024ലും 2026ലും പ്രകാശ് ഗുപ്ത നോര്‍ത്ത് ഡക്കോട്ട സന്ദര്‍ശിച്ച് ഗവര്‍ണര്‍, ബിസ്മാര്‍ക്ക് മേയര്‍, കാര്‍ഷികം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫാര്‍ഗോയില്‍ അന്താരാഷ്ട്ര യോഗാദിനാഘോഷങ്ങളും കോണ്‍സുലാര്‍ ക്യാമ്പും ഉള്‍പ്പെടെയുള്ള പരിപാടികളും കോണ്‍സുലേറ്റ് സംഘടിപ്പിച്ചു.

സിയാറ്റില്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന അമേരിക്കയുടെ പസഫിക് നോര്‍ത്ത്‌വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ ഗാന്ധിജിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രതിമയും ഒരുക്കിയത്. 2024 ഒക്ടോബറില്‍ സിയാറ്റിലിലെ സ്‌പേസ് നീഡിലിന് സമീപവും അതേ വര്‍ഷം ഡിസംബറില്‍ നെബ്രാസ്‌കയിലെ ലിങ്കണിലുള്ള സ്‌റ്റേറ്റ് ക്യാപിറ്റോളിലും 2026 മാര്‍ച്ചില്‍ മൊണ്ടാന സര്‍വകലാശാലയിലെ മാന്‍സ്ഫീല്‍ഡ് സെന്ററിലും പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. 2009ല്‍ ബെല്‍വ്യൂ പബ്ലിക് ലൈബ്രറിയില്‍ സ്ഥാപിച്ച പ്രതിമയുള്‍പ്പെടെ സിയാറ്റില്‍ കോണ്‍സുലേറ്റിന്റെ അധികാരപരിധിയിലെ അഞ്ചാമത്തെ ഗാന്ധി സ്മാരകമാണിത്.