ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിൽ പ്രതീകാത്മക ജനകീയ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിയമാനുസൃതമല്ലെന്നും സമീപകാല തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടുവെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടാണ് നടപടി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടവകാശം അട്ടിമറിച്ച സി.ഇ.സിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ പ്രഖ്യാപിച്ചു.
മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ നടപടികൾക്ക് അധ്യക്ഷത വഹിച്ചു. യഥാർത്ഥ പാർലമെന്റിന്റെ പ്രവർത്തനരീതിക്ക് സമാനമായ രീതിയിലാണ് പ്രതീകാത്മക വിചാരണ സംഘടിപ്പിച്ചത്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിന്റെ മാതൃകയിലായിരുന്നു വേദിയും ഇരിപ്പിട ക്രമീകരണവും. ലോക്സഭയും രാജ്യസഭയും സംയുക്തമായി സമ്മേളിച്ചിരുന്ന സെൻട്രൽ ഹാളിന് സമാനമായി പുൽത്തകിടിയിൽ ഇരിപ്പിടങ്ങൾ ഒരുക്കുകയും വേദിയിൽ മീരാ കുമാറിന് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും ചെയ്തു.
വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിച്ചുവെന്നും സുപ്രീംകോടതിയിൽ തെറ്റായ സത്യവാംഗ്മൂലം സമർപ്പിച്ചുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഗ്യാനേഷ് കുമാറിനെതിരായ കുറ്റപത്രവും പ്രതിപക്ഷം അവതരിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കു പുറമെ മുൻ സുപ്രീംകോടതി ജഡ്ജിമാർ, നിയമവിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരും പ്രതീകാത്മക പാർലമെന്ററി നടപടികളിൽ പങ്കാളികളായി.
രാജ്യത്ത് വോട്ടർപട്ടികയിൽ വലിയ രീതിയിലുള്ള അട്ടിമറിയാണ് നടന്നതെന്നും പാവപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും അനധികൃതമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും മീരാ കുമാർ ആരോപിച്ചു. തുടർന്ന് സഭയിൽ സംസാരിച്ച വിവിധി നേതാക്കൾ, പാർലമെന്റിൽ നടക്കേണ്ട ഇത്തരം പ്രതിഷേധങ്ങൾ പ്രതിപക്ഷത്തിന് തെരുവിൽ നടത്തേണ്ടി വരുന്നത് ബി ജെ പി സർക്കാരിന്റെ അരാജകത്വം മൂലമാണെന്ന് കുറ്റപ്പെടുത്തി. ഈ പ്രതിഷേധം നാളെ മഹാറാലിയായി മാറ്റുമെന്നും സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രമേയം അവതരിപ്പിച്ച് ഖർഗെ
പ്രതീകാത്മക യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരം രാജ്യത്തെ വോട്ടവകാശവും ജനാധിപത്യവും ഇല്ലാതാക്കാനാണ് കമ്മീഷൻ ശ്രമിച്ചതെന്ന് ഖർഗെ ആരോപിച്ചു. കമ്മീഷന്റെ ഐ ടി വിഭാഗത്തിന്റെ പ്രവർത്തനം സംശയനിഴലിലാണെന്നും കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട് മോഷണങ്ങൾ രാഹുൽ ഗാന്ധി കൈയോടെ പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് വോട്ടവകാശം നഷ്ടപ്പെട്ട അനിത ജയ്സ്വാൾ അടക്കമുള്ള സാധാരണക്കാരും ടി എം സി എം പി സാഗരിക ഘോഷും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
ഗ്യാനേഷിനെതിരായ കുറ്റങ്ങൾ
ബി ജെ പിയുടെ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി രാജ്യത്തെ 13 കോടിയോളം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നതടക്കം 7 കുറ്റങ്ങളാണ് പ്രധാനമായും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചത്. പാർലമെന്റ് അറിയാതെ ഫോം 6 ൽ മാറ്റം വരുത്തുക, ഇ സി ഐ നെറ്റ് സംവിധാനം പിടിച്ചെടുക്കുക, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക എന്നിവയും കമ്മീഷണർക്കെതിരായ കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. മോദിയുടെയും ഷായുടെയും നിർദ്ദേശാനുസരണം പ്രവർത്തിച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുകയും ഭരണഘടനയ്ക്കും രാജ്യത്തിനുമെതിരെ പ്രവർത്തിക്കുകയും ചെയ്ത ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കനത്ത സുരക്ഷ
പ്രതിഷേധ പരിപാടിയുടെ പശ്ചാത്തലത്തിൽ ഖാർഗെയുടെ വസതിക്ക് മുന്നിലും ഡൽഹിയിലെ പ്രധാന മേഖലകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പരിപാടിക്കെതിരെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. യഥാർത്ഥ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി തനിക്ക് ഇഷ്ടമുള്ള പാർലമെന്റിൽ ഇരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
ഡൽഹിയിലെ രാംലീല മൈതാനിയിൽ നവംബർ ഒന്നിന് നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്‍റെ മഹാറാലിക്ക് മുന്നോടിയായാണ് പ്രതീകാത്മക പാർലമെന്റ് സമ്മേളനം നടന്നത്. മുഖ്യമന്ത്രിമാരും പ്രമുഖ പ്രതിപക്ഷ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന കോക്ക്റോച്ച് ജനത പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളും റാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി ഉൾപ്പെടെ ചില സംഘടനകൾ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമല്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്‍റെ ജനകീയ ഇംപീച്ച്‌മെന്‍റ്; പ്രതീകാത്മക വിചാരണ തുടങ്ങി
