അടിമക്കച്ചവടത്തില്‍ ബ്രിട്ടന്റെ പങ്കിന് ഔദ്യോഗിക ഖേദപ്രകടനത്തിന് തയ്യാറെന്ന് പ്രധാനമന്ത്രി; നഷ്ടപരിഹാരം നല്‍കില്ല

അടിമക്കച്ചവടത്തില്‍ ബ്രിട്ടന്റെ പങ്കിന് ഔദ്യോഗിക ഖേദപ്രകടനത്തിന് തയ്യാറെന്ന് പ്രധാനമന്ത്രി; നഷ്ടപരിഹാരം നല്‍കില്ല


ലണ്ടന്‍: അറ്റ്ലാന്റിക് അടിമക്കച്ചവടത്തില്‍ ബ്രിട്ടന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച് ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുന്നതിനെ അനുകൂലിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. എന്നാല്‍ ചരിത്രത്തിലെ അടിമക്കച്ചവടത്തിനും കൊളോണിയല്‍ ചൂഷണത്തിനും സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയ അദ്ദേഹം അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ദശലക്ഷക്കണക്കിന് ആളുകള്‍ അനുഭവിച്ച വേദനയിലും ദുരിതത്തിലും ഖേദം പ്രകടിപ്പിക്കുന്നതായും അടിമത്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും ലോകത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നതായും ശനിയാഴ്ച 'ദി ഗാര്‍ഡിയനില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബേണ്‍ഹാം വ്യക്തമാക്കി. അടിമക്കച്ചവടം മനുഷ്യാവകാശങ്ങളുടെ ക്രൂരവും പ്രാകൃതവുമായ ലംഘനമായിരുന്നുവെന്നും ഇതിന്റെ ഇരകളായ രാജ്യങ്ങളുമായും സമൂഹങ്ങളുമായും ഘടനാപരമായ ചര്‍ച്ചകള്‍ക്ക് ബ്രിട്ടന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടം ഔദ്യോഗികമായി മാപ്പുപറയണമെന്ന ആവശ്യവും ചര്‍ച്ചയുടെ പ്രധാന ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചരിത്രപരമായ അനീതികള്‍ക്ക് ഇന്നത്തെ ബ്രിട്ടീഷ് ജനതയെ ഉത്തരവാദികളാക്കാനാകില്ലെന്നും സാമ്പത്തിക നഷ്ടപരിഹാരം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും ബേണ്‍ഹാം വ്യക്തമാക്കി. വ്യത്യസ്ത കാലഘട്ടത്തില്‍ വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന സംഭവങ്ങള്‍ക്ക് ഇന്ന് ജീവിക്കുന്നവര്‍ വ്യക്തിപരമായി ഉത്തരവാദികളല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

15-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന അറ്റ്ലാന്റിക് അടിമക്കച്ചവടത്തിലൂടെ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാരെ പിടികൂടി യൂറോപ്യന്‍ വ്യാപാരികള്‍ അടിമകളാക്കി വിവിധ രാജ്യങ്ങളിലേക്ക് കടത്തിയിരുന്നു. അടിമത്തം നിരോധിക്കുന്ന നിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് 1833ല്‍ പാസാക്കി. എന്നാല്‍ അടിമക്കച്ചവടത്തിലെ പങ്കിന് ബ്രിട്ടന്‍ ഇതുവരെ ഔദ്യോഗികമായി മാപ്പുപറയുകയോ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിക്കുകയോ ചെയ്തിട്ടില്ല.

നവംബര്‍ ഒന്നു മുതല്‍ നാലുവരെ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്മാരുടെ ഉച്ചകോടിയില്‍ അടിമത്തത്തിനും കൊളോണിയല്‍ ചൂഷണത്തിനുമുള്ള നഷ്ടപരിഹാര ആവശ്യം പ്രധാന ചര്‍ച്ചാവിഷയമാകും. കരീബിയന്‍ രാജ്യങ്ങളാണ് നഷ്ടപരിഹാരത്തിനായി ശക്തമായ ആവശ്യമുന്നയിക്കുന്നത്. കടബാധ്യതയില്‍ ഇളവ്, വികസനസഹായം, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ പിന്തുണ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സാമ്പത്തിക സഹായം തുടങ്ങിയവയാണ് അവരുടെ പ്രധാന ആവശ്യങ്ങള്‍.

ഉച്ചകോടിക്ക് മുന്നോടിയായി കരീബിയന്‍ സന്ദര്‍ശനം നടത്തുന്ന ചാള്‍സ് മൂന്നാമന്‍ രാജാവും അടിമത്തത്തിന്റെ ചരിത്രപരമായ ദുരിതങ്ങള്‍ അംഗീകരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ബഹാമസിലെ സന്ദര്‍ശനത്തിനിടെ, ഭൂതകാലത്തെ വലിയ ദുരിതങ്ങളും അനീതികളും അംഗീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ രാജാവ് പ്രസംഗിക്കുകയും ചെയ്യും.