അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ വഴിത്തിരിവ്? നേരിട്ടുള്ള ചര്‍ച്ചകള്‍ ദോഹയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ വഴിത്തിരിവ്? നേരിട്ടുള്ള ചര്‍ച്ചകള്‍ ദോഹയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്


ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ പ്രാഥമിക ധാരണയിലെത്തിയതായും ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ദോഹയില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് എത്തുമെന്നുമാണ് സൂചന. ഇറാന്റെ ആണവപദ്ധതി, ഹോര്‍മുസ് കടലിടുക്ക്, സാമ്പത്തിക ആനുകൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ധാരണയ്ക്കുള്ള നീക്കം. ഖത്തറിനും പാകിസ്താനും പുറമെ ചൈനയും റഷ്യയും കരാറിന്റെ ഉറപ്പുനല്‍കുന്ന രാജ്യങ്ങളായി പ്രവര്‍ത്തിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖത്തറിലെയും പാകിസ്താനിലെയും മധ്യസ്ഥരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച തെഹ്റാനില്‍ ഇറാന്‍ പ്രതിനിധികളുമായി 12 മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ നടന്നിരുന്നു. പുതിയ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുകയും മേഖലയില്‍ വീണ്ടും സൈനിക സംഘര്‍ഷം ഉണ്ടാകുന്നത് ഒഴിവാക്കുകയുമാണ് ലക്ഷ്യം. ചര്‍ച്ചകളില്‍ അനുകൂല പുരോഗതിയുണ്ടായതായും കരാറിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്. ആദ്യം ഇറാന്‍ ആണവപദ്ധതിയില്‍ ഇളവുകള്‍ വരുത്തണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കുകയും മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കുകയും എണ്ണ കയറ്റുമതി പുന:രാരംഭിക്കാന്‍ അനുവദിക്കുകയും വേണമെന്നാണ് ഇറാന്റെ നിലപാട്.

അല്‍ അറബിയ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്ത പ്രാഥമിക നിര്‍ദേശമനുസരിച്ച് ഇറാന്റെ ഉയര്‍ന്ന സമ്പുഷ്ടീകരണമുള്ള യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റുകയോ സമ്പുഷ്ടീകരണത്തിന്റെ തോത് കുറയ്ക്കുകയോ ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. പ്രാഥമിക ധാരണയിലെത്തി ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും നിര്‍ദേശമുണ്ട്.

ദോഹയില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുക, കരാര്‍ വ്യവസ്ഥകള്‍ സ്വതന്ത്രമായി പരിശോധിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുക, ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, അഭിപ്രായവ്യത്യാസങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ തര്‍ക്കപരിഹാര സംവിധാനം രൂപീകരിക്കുക എന്നിവയും നിര്‍ദേശത്തിന്റെ ഭാഗമാണ്.

ഇറാനോടുള്ള സമീപനത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിനുള്ളിലും വ്യത്യസ്ത നിലപാടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തണമെന്ന നിലപാടിലാണെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും പുതിയ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കരാറിന്റെ സാധ്യതയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. ഇറാന്‍ ചര്‍ച്ചയ്ക്ക് താldപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും പറഞ്ഞ അദ്ദേഹം, ധാരണയിലെത്താന്‍ അമേരിക്കയ്ക്ക് സമയമുണ്ടെന്നും വ്യക്തമാക്കി.

നവംബര്‍ മൂന്നിലെ അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാന്‍ ട്രംപ് ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നയതന്ത്ര നീക്കങ്ങള്‍ ശക്തമായിരിക്കുന്നത്. പുതിയ ആക്രമണമുണ്ടായാല്‍ ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടുന്ന വിശാലമായ സംഘര്‍ഷത്തിലേക്ക് സാഹചര്യം നീങ്ങുമെന്ന ആശങ്കയുണ്ട്. ഇത് പശ്ചിമേഷ്യയുടെ സ്ഥിരതയെയും ആഗോള ഊര്‍ജവിതരണത്തെയും ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.