കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ടെ, ഗ്യാനേഷിന് രാജിവയ്ക്കേണ്ടി വരുമെന്ന് രാഹുൽ; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ടെ, ഗ്യാനേഷിന് രാജിവയ്ക്കേണ്ടി വരുമെന്ന് രാഹുൽ; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി


ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യ മുന്നണി ജനകീയ വിചാരണ നടത്തി പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍, പാര്‍ലമെന്റിന്റെ മാതൃകയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശബ്ദവോട്ടോടെയാണ് പ്രമേയം പാസ്സാക്കിയത്. ആറു കുറ്റങ്ങളാണ് ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ ചുമത്തിയത്. ഗ്യാനേഷ് കുമാറിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് പ്രമേയത്തിന് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് മാറാതെ നിർവാഹമില്ല. തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവിൽ കഴിയാമെന്ന് കരുതേണ്ടെന്നും, ഇന്നോ നാളെയോ ജനങ്ങളെ നേരിടേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു. മറ്റു വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ​ഗ്യാനേഷ്കുമാറിനെ ഇംപീച്ച്‌മെന്റിൽ ചർച്ച നടത്താൻ ഇവിടെ ഒരുമിച്ചുകൂടിയതെന്ന് രാഹുൽ വ്യക്തമാക്കി. 2024-ൽ വോട്ട് ചെയ്ത 130 മില്യൺ ആളുകളെയാണ് ഒഴിവാക്കിയത്. അവർ നിയമവിരുദ്ധ വോട്ടർമാരായിരുന്നോ എന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു.

പൊതു കുറ്റവിചാരണ രാജ്യത്തെ അസാധാരണ സംഭവമാണ്. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഇന്ത്യ മുന്നണിയുടെ പ്രത്യേക പാര്‍ലമെന്റില്‍ മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാ കുമാര്‍ അധ്യക്ഷയായി. 

ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പ്രതീകാത്മക ഇംപീച്ച്‌മെന്റ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിന്‍റെ അധ്യക്ഷതയിൽ 10 രാജാജി മാർഗിലെ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് ഈ നടപടികൾ നടന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുകയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉപസംഹാര പ്രസംഗം നടത്തുകയും ചെയ്തു. പരിപാടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഓബ്രിയൻ, മഹുവ മൊയ്ത്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എം.പി ധർമേന്ദ്ര യാദവ്, ശിവസേന (യു.ബി.ടി) നേതാവ് അരവിന്ദ് സാവന്ത്, സി.പി.ഐ (എം) രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, ജനറൽ സെക്രട്ടറി എം.എ ബേബി, എം.പി വി. ശിവദാസൻ, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാർ, ആർ.ജെ.ഡി നേതാവ് സഞ്ജയ് യാദവ്, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കോൺഗ്രസ് നേതാവ് ഉദിത് രാജ് തുടങ്ങി ഇരുപത്തൊന്നോളം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.

വോട്ടവകാശം ഇന്ന് രാജ്യത്ത് ഗുരുതരമായ ഭീഷണിയിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഇംപീച്ച്മെന്റ് നടപടിയെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നേരിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രവർത്തിപ്പിക്കുന്നത്. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാനാണ് ഇംപീച്ച്‌മെന്റ് നീക്കമെന്നും ഖാർഗെ പറഞ്ഞു. 

ഗ്യാനേഷ് കുമാറിനെതിരെ ആറു കുറ്റകൃത്യങ്ങളാണ് പ്രമേയത്തിൽ ആരോപിക്കുന്നത് :

1. തെരഞ്ഞെടുപ്പു കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തി.13.2 കോടി വോട്ടർമാരുടെ വോട്ട് വെട്ടിമാറ്റി. ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണ്.
2. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6ൽ മാറ്റം വരുത്തി
3. ഇസിഐനെറ്റ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വോട്ടർപ്പട്ടിക കൈവശപ്പെടുത്തി. കമ്മിഷനിൽ ഇരുന്ന് ആളുകളെ വോട്ട് ചേർക്കുന്നതിനും യഥാർഥ വോട്ടർമാരെ തടയാനും ശ്രമിച്ചു.
4. കമ്മിഷനിൽ മൂന്നു കമ്മിഷണർമാർക്കും തുല്യ അവകാശമാണ്. എന്നാൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ മറ്റ് രണ്ടു കമ്മിഷണർമാരുടെയും വായടപ്പിച്ചു.
5. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇംഗിതത്തിനു വഴങ്ങി പ്രവർത്തിച്ചു.
6. രാജ്യത്തിന്റെയും ജനങ്ങളുടെയും വിശ്വാസം ലംഘിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചു. ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി.

ചലോ ഡൽഹി റാലി നാളെ

ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ 'ചലോ ഡൽഹി' റാലിയും വലിയ പ്രതിഷേധമാർച്ചും സംഘടിപ്പിക്കാനൊരുങ്ങുകയാണ് 'ഇന്ത്യ' സഖ്യം. പൊതുജനങ്ങളും വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും തൊഴിലാളികളും പങ്കെടുക്കുന്ന ഈ റാലിയിൽ വൻ ജനപങ്കാളിത്തമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. റാലി തടയാൻ കേന്ദ്രസർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന് ജോൺ ബ്രിട്ടാസും മറ്റ് നേതാക്കളും ആരോപിച്ചു. എങ്കിലും പത്ത് ലക്ഷത്തോളം ആളുകൾ തലസ്ഥാനത്ത് എത്തുമെന്നും ഈ ജനകീയ പ്രതിഷേധം രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവാകുമെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തത വരുത്തി. അഭിജീത് ദിപ്കേ നേതൃത്വം നൽകുന്ന കോക്‌റോച്ച് ജനതാ പാർട്ടിയും ഈ പ്രതിഷേധ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.