ന്യൂഡല്‍ഹി: ഉപരോധങ്ങളും തന്ത്രപ്രധാന സമുദ്രപാതകളിലെ തടസ്സങ്ങളും ഉപയോഗിച്ച് ആഗോള എണ്ണവ്യാപാരത്തെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. ഊര്‍ജവിതരണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മനഃപൂര്‍വം തടസ്സങ്ങളുണ്ടാക്കുന്നത് വിലയെ ബന്ദിയാക്കാനുള്ള ആസൂത്രിത തന്ത്രമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ജി20 ഉച്ചകോടിയിലെ പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് ജയശങ്കര്‍ ആഗോള ഊര്‍ജവിപണിയിലെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയത്. ഉപരോധങ്ങള്‍, വ്യാപാരതടസ്സങ്ങള്‍, തന്ത്രപ്രധാന സമുദ്രപാതകളിലെ നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ ഊര്‍ജവിപണിയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഇടപെടലുകള്‍ കൂടുതല്‍ സങ്കീര്‍ണവും വ്യാപകവുമാകുകയാണെന്ന് അദ്ദേഹം എക്സിലെ കുറിപ്പില്‍ പറഞ്ഞു.
പ്രവചനാതീതമായ വിലക്കയറ്റവും ഊര്ജലഭ്യതയിലെ അനിശ്ചിതത്വവും താങ്ങാനാകാത്ത ചെലവുകളും ആഗോളതലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഊര്ജവിപണികള് തുറന്നതും സുസ്ഥിരവും പ്രവചനാതീതവുമായിരിക്കണമെന്ന് ഉറപ്പാക്കാന്‍ ജി20 രാജ്യങ്ങള്‍ നേതൃത്വപരമായ പങ്കുവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാചകത്തിനായി ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതിന് ഇന്ത്യക്ക് തടസ്സമില്ലാത്ത എല്‍പിജി വിതരണം അനിവാര്യമാണെന്നും വ്യക്തമാക്കി.
അമേരിക്കയുടെ ഇറാന് എണ്ണവ്യാപാര ഉപരോധങ്ങളും പശ്ചിമേഷ്യയിലെ ഊര്‍ജവിതരണ തടസ്സങ്ങളും റഷ്യന്‍ ഡീസലിനുമേലുള്ള ഉപരോധങ്ങളില്‍ വരുത്തിയ ഇളവുകളും ആഗോള ഊര്‍ജവിപണിയെ സ്വാധീനിക്കുന്ന പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2026ലെ ലിന്‍ഡ്സി ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്‍ഡ് ഇറാന് ആക്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ ഈ നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍ണായക ധാതുക്കളുടെ കാര്യത്തില്‍ ഇന്ത്യയുടെ ദേശീയ ദൗത്യവും ജയശങ്കര്‍ പരാമര്‍ശിച്ചു. ധാതുക്കളുടെ പര്യവേക്ഷണത്തിനും പുനരുപയോഗത്തിനും പ്രാധാന്യം നല്കുന്ന പദ്ധതികള്‍ക്കൊപ്പം ജി20 നിര്‍ണായക ധാതു പുനഃചംക്രമണ സംരംഭം നടപ്പാക്കാനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.
ഏകപക്ഷീയമായി ഏര്‍പ്പെടുത്തുന്ന തീരുവകള്‍ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ പാലിച്ചായിരിക്കണമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത തൊഴില്‍ ആരോപണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അമേരിക്ക 10 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതും അധിക ഉത്പാദനശേഷി സംബന്ധിച്ച അന്വേഷണവും വ്യാപാരബന്ധങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
