മേതിലിന് എഴുത്തച്ഛൻ പുരസ്‌കാരം

മേതിലിന് എഴുത്തച്ഛൻ പുരസ്‌കാരം


തിരുവനന്തപുരം: മേതില്‍ രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരത്തിന് മേതില്‍ രാധാകൃഷ്ണന്‍ അര്‍ഹനായത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ് അധ്യക്ഷനും കല്‍പ്പറ്റ നാരായണന്‍, കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
മലയാള സര്‍ഗാത്മക സാഹിത്യത്തില്‍ തികച്ചും വ്യത്യസ്തവും പരീക്ഷണാത്മകവുമായ പാത വെട്ടിത്തെളിച്ച കഥാകൃത്തും നോവലിസ്റ്റുമാണ് മേതില്‍ രാധാകൃഷ്ണന്‍. ആധുനികാനന്തര സാഹിത്യത്തില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം, പരമ്പരാഗത ആഖ്യാനരീതികളെ ചോദ്യം ചെയ്തുകൊണ്ട് സാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചു.
ശാസ്ത്രം, തത്ത്വചിന്ത, സംഗീതം, സൈദ്ധാന്തിക ഭൗതികശാസ്ത്രം എന്നിവയെ കഥാപരിസരങ്ങളിലേക്ക് സമര്‍ത്ഥമായി കോര്‍ത്തിണക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മേതില്‍ രാധാകൃഷ്ണന്റെ സാഹിത്യ സംഭാവനകളില്‍ കഥകളും നോവലുകളും കവിതകളും ഉള്‍പ്പെടുന്നു.
സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്‌കോക്കിന്റെ ഇടപെടല്‍ എന്നിവയാണ് പ്രധാന നോവലുകള്‍. ഡിലന്‍ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാര്‍ ശവപേടകങ്ങളില്‍ എന്നിവയാണ് കഥകള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മേതില്‍ രാധാകൃഷ്ണന്‍, മലയാള കഥയെ ആഗോളതലത്തിലുള്ള പരീക്ഷണ ശൈലികളോടും ആധുനിക സാഹിത്യ പ്രസ്ഥാനങ്ങളോടും അടുപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.