തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയുമായി സർക്കാർ. ആഭ്യന്തരം, വിജിലൻസ്, ധനകാര്യം, ആരോഗ്യം, കെഎസ്ഇബി തുടങ്ങിയ പ്രധാന വകുപ്പുകളിലെല്ലാം പുതിയ മേധാവികൾ ചുമതലയേൽക്കും. മുൻ എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് സസ്പെൻഷനിലായിരുന്ന എൻ. പ്രശാന്തിനെ കെഎസ്ഇബിയുടെ ചെയർമാൻ- മാനേജിങ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. ഇതിനുവേണ്ടി കെഎസ്ഇബി സിഎംഡി തസ്തികയെ ഒരു വർഷത്തേക്ക് ഐഎഎസ് സെലക്ഷൻ ഗ്രേഡിൽ എക്സ്കേഡർ പോസ്റ്റായി സർക്കാർ ഉയർത്തി. കായിക യുവജനകാര്യ സ്പെഷ്യൽ സെക്രട്ടറിയുടെ ചുമതലയും പ്രശാന്ത് തുടരും.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരനുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന ഡോ. ശർമ്മിള മേരി ജോസഫിനെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടി സ്ഥാനത്തു നിന്നു മാറ്റി. പകരം മുഹമ്മദ് ഹനീഷിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നിവയുടെ അധിക ചുമതലയും നൽകി. ഡോ ശർമ്മിള മേരി ജോസഫിനെ ഗതാഗത സെക്രട്ടറിയായി മാറ്റി നിയമിച്ചു. വനിതാശിശു വികസന വകുപ്പിൻ്റെ അധിക ചുമതലയും ഇവർ വഹിക്കും.
ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ. ആർ. ജ്യോതിലാലിനെ ആഭ്യന്തര- വിജിലൻസ് വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, ഭവനനിർമാണം, കയർ എന്നീ വകുപ്പുകളുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മിൻഹാജ് അലത്തെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർ.കെ.ഐ) സിഇഒ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) ചെയർമാൻ എന്നീ അധിക ചുമതലകളും മിൻഹാജ് അലത്തിനാണ്. കെഎസ്ഇബി സിഎംഡിയായിരുന്ന എം. ജി. രാജമാണിക്യത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ദേവസ്വം വകുപ്പിൻ്റെയും ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കമ്മീഷണർ പദവിയുടെയും അധിക ചുമതല രാജമാണിക്യത്തിന് തന്നെയായിരിക്കും.
കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ. എം. ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും ഡൽഹി കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാറിനെ വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി. വി. അനുപമയെ ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറിയാക്കി. പരിസ്ഥിതി വകുപ്പ് അധിക ചുമതലയും നൽകി. ടി. വി. സുഭാഷിനെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) എംഡിയായും ഭക്ഷ്യസുരക്ഷാ കമ്മീഷണറായും നിയമിച്ചു. ജിഎസ്ടി കമ്മീഷണറായിരുന്ന പി. ബി. നൂഹിനെ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാക്കിയപ്പോൾ, കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ജാഫർ മാലിക്കിനെ പുതിയ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു.
സിയാൽ എംഡി എസ്. സുഹാസിന് ഐടി സ്പെഷ്യൽ സെക്രട്ടറി ചുമതലയും, എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന് പട്ടികജാതിപട്ടികവർഗ വികസന വകുപ്പിൻ്റെ അധിക ചുമതലയും നൽകി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഹരിത വി. കുമാറിനെ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, അഫ്സാന പർവീണിനെ മിൽമ എംഡിയായും നോർക്ക റൂട്ട്സ് സിഇഒ ആയും അനുകുമാരിയെ ടൂറിസം വകുപ്പ് ഡയറക്ടറായും നിയമിച്ചു.
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: എൻ പ്രശാന്ത് കെഎസ്ഇബി എംഡി; കെ ആർ ജ്യോതിലാൽ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി
