ബോയിങിന് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ ചൈനയ്ക്ക് വേണ്ട

ബോയിങിന് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങള്‍ ചൈനയ്ക്ക് വേണ്ട


ബീജിങ്: യു എസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വിമാനങ്ങളൊന്നും തത്കാലം സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ നിര്‍ദേശം. ചൈനീസ് ഉത്പന്നങ്ങള്‍ക്കു മേല്‍ യു എസ് 145 ശതമാനം വരെ ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് നടപടി.

യു എസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ സ്‌പെയര്‍പാര്‍ട്‌സോ വാങ്ങരുതെന്നും ചൈന സര്‍ക്കാര്‍ രാജ്യത്തെ എയര്‍ലൈനുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യു എസിന്റെ താരിഫ് യുദ്ധത്തിനു മറുപടിയായി യു എസ് ഉത്പന്നങ്ങള്‍ക്കു മേല്‍ ചൈന നേരത്തെ തന്നെ 125 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു എസ് കമ്പനികള്‍ നിര്‍മിച്ച വിമാനങ്ങളോ സ്‌പെയര്‍ പാര്‍ട്‌സോ വാങ്ങാന്‍ ചൈനീസ് എയര്‍ലൈനുകള്‍ ഇരട്ടി വില നല്‍കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.

ലോകത്തിലെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ഈ പശ്ചാത്തലത്തില്‍ ബോയിങ്ങിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് യു എസ് കമ്പനിയെ ഗുരുതരമായി ബാധിക്കും.

അടുത്ത 20 വര്‍ഷത്തേക്ക് ലോകത്ത് ആവശ്യം വരുന്ന ആകെ വിമാനങ്ങളില്‍ 20 ശതമാനവും ചൈനയ്ക്കു വേണ്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബോയിങ് നിര്‍മിച്ച വിമാനങ്ങളില്‍ 25 ശതമാനവും 2018ല്‍ ചൈനയിലേക്കാണ് വിറ്റത്.